graph

 രോഗവ്യാപനം തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യവകുപ്പ്

കൊല്ലം: ജില്ലയ്ക്ക് നേരിയ ആശ്വാസമായി കഴിഞ്ഞ മൂന്ന് ദിവസമായി കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ആശങ്കയുടെ മുൾമുനയിലേക്ക് ഉയർത്തി നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസങ്ങൾക്ക് പിന്നാലെയാണ് എണ്ണം കുറയുന്നത്. പക്ഷെ സ്ഥിതി പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ലെന്നും പഴയതിനേക്കാൾ തീവ്രമായ രോഗ വ്യാപനത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം.

കൊവിഡ് തീവ്രമായി പടർന്ന സ്ഥലങ്ങളിൽ വ്യാപനം കുറഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസത്തെ കണക്കുകൾ നൽകുന്ന സൂചന. ശാസ്താംകോട്ട, ചവറ, ചടയമംഗലം, അഞ്ചൽ മേഖലകളിലാണ് വലിയ തോതിൽ പ്രാദേശിക വ്യാപനം ഉണ്ടായത്. ഇവിടെ ആദ്യം കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗത്തിനും രോഗം സ്ഥിരീകരിച്ചതോടെയാണ് ജില്ലയിൽ ഓരോ ദിവസവും ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ വലിയൊരു വിഭാഗത്തിന്റെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടവരുടെ സ്രവ പരിശോധന പൂർത്തിയായി. കൂടുതൽ അടുത്തിടപഴകാത്തവരെ പരിശോധനയ്ക്ക് വിധേയമാക്കിയതുകൊണ്ടാകാം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞതെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന.

രോഗ വ്യാപന മേഖലകളിലും അല്ലാത്തിടങ്ങളിലും രോഗലക്ഷണങ്ങൾ പ്രകടമാകാത്ത കൊവിഡ് ബാധിതരുണ്ടോയെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. വിവിധ മേഖലകളിലുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ ഈ ആശങ്ക പരിഹരിക്കാനാകൂ.

"

രണ്ട് ദിവസമായുള്ള കണക്ക് ആശ്വാസകരമാണ്. എന്നാൽ വരും ദിവസങ്ങളിലെ സ്ഥിതി പറയാനാകില്ല. തുടർച്ചയായി പോസിറ്റീവ് കേസ് കുറഞ്ഞാലേ പൂർണമായും ആശ്വാസിക്കാനാകൂ.

ഡോ.ആർ. ശ്രീലത,

ഡി.എം.ഒ

പത്ത് ദിവസത്തിനിടയിൽ

തീയതി, രോഗം സ്ഥിരീകരിച്ചവർ, രോഗമുക്തർ

18, 53, 1

19, 75, 4

20, 79, 1

21, 85, 11

22, 133, 13

23, 106, 31

24, 133, 54

25, 80, 50

26, 74, 70

27, 22, 57

ഞായറാഴ്ച പരിശോധന കുറച്ചിട്ടില്ല

പരിശോധന കുറവായത് കൊണ്ടല്ല ഇന്നലെ പോസിറ്റീവ് കേസ് കുറഞ്ഞതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഞായറാഴ്ച പതിവുപോലെ സ്രവ പരിശോധന നടന്നിരുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയതായും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.