കൊല്ലം : വ്യാപാരിക്ക് നേരെ പൊലീസ് അതിക്രമമെന്ന് പരാതി. തഴവ കറുത്തേരിമുക്കിലെ വ്യാപാരിയും റിട്ട. സുബൈദാറുമായ പീടികയിൽ (കൊച്ചയ്യത്ത്) അനിൽകുമാറിന്റെ കടയ്ക്ക് നേരെ അതിക്രമം കാട്ടിയതായാണ് പരാതി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. രോഗിയായ പിതാവ് യശോധരനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചശേഷം അനിൽകുമാർ തന്റെ കാർ കടയ്ക്കുമുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഈസമയം അതുവഴി വന്ന മണപ്പള്ളി എയ്ഡ് പോസ്റ്റിലെ അഡീഷണൽ എസ്.ഐ ഇരട്ട അക്കത്തിൽ അവസാനിക്കുന്ന കാർ കടയ്ക്ക് സമീപം പാർക്ക് ചെയ്തിരിക്കുന്നത് ചോദ്യം ചെയ്തു. പൊലീസ് നടപടി ഇഷ്ടപ്പെടാതിരുന്ന അനിൽകുമാർ പൊലീസിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറായില്ല. ഇതിൽ കുപിതനായ പൊലീസ് ഉദ്യോഗസ്ഥർ കടയ്ക്കുള്ളിൽ കയറി അനിൽകുമാറിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. കാറിന്റെ താക്കോലും മൊബൈൽഫോണും പിടിച്ചെടുത്തു.ഇതിനെ അനിൽകുമാർ എതി‌ർത്തത് കടയ്ക്കുള്ളിൽ പിടിവലിക്ക് ഇടയാക്കി. തുടർന്ന് കടയിൽ നിന്ന് ബലംപ്രയോഗിച്ച് അനിൽകുമാറിനെ ജീപ്പിൽ കയറ്റിയ പൊലീസ് ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ച അനിൽകുമാറിനെതിരെ പക‌ർച്ച വ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം കടയ്ക്കുള്ളിൽ ഇരിക്കുകയായിരുന്ന തന്നെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും കടയിലെ സാധനങ്ങൾ നശിപ്പിക്കുകയുമായിരുന്നുവെന്നും പൊലീസ് നടപടിക്കെതിരെ പരാതി നൽകുമെന്നും അനിൽകുമാർ പറഞ്ഞു.