photo

കൊല്ലം: പാകിസ്ഥാൻ നിർമ്മിത വെടിയുണ്ടകൾ കുളത്തൂപ്പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിലച്ചു, അന്വേഷണ സംഘത്തിലെ പ്രമുഖർ ഉൾപ്പടെയുള്ളവർക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല കൈവന്നതോടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസും അടച്ചു. ദേശീയ സുരക്ഷാ ഏജൻസിയും (എൻ.ഐ.എ) സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡും (എ.ടി.എസ്) ശ്രദ്ധിക്കുന്ന തരത്തിലേക്ക് മാറിയ കേസിന്റെ അന്വേഷണമാണ് ഉത്തരംകിട്ടാതെ പാതിവഴിയിൽ നിലച്ചത്. കഴിഞ്ഞ ഫെബ്രുവരി 22ന് വൈകിട്ട് 3.30നായിരുന്നു കുളത്തൂപ്പുഴ വനമേഖലയിൽ അന്തർസംസ്ഥാന പാതയുടെ ഓരത്തായി മുപ്പതടി പാലത്തിന് സമീപം വെടിയുണ്ടകൾ കണ്ടെത്തിയത്. പഴയ ടിപ്പർ ലോറി വാങ്ങാനായി എത്തിയ മടത്തറ ഒഴുകുപാറ സ്വദേശി ജോഷിയോടൊപ്പമുണ്ടായിരുന്ന ടിപ്പർ ഡ്രൈവർ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി അജീഷാണ് ഇത് ആദ്യം കണ്ടത്. കുളത്തൂപ്പുഴ പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് നടന്ന പരിശോധയിൽ കണ്ടെത്തിയ 14 വെടിയുണ്ടകളിൽ 12 എണ്ണം പാകിസ്താനിലെ ഒരു ഫാക്ടറിയിൽ നിർമ്മിച്ചതും രണ്ടെണ്ണം ചൈനീസ് നിർമ്മിതവുമെന്ന് ബോദ്ധ്യമായി. ഇവ ഏത് തരം തോക്കുകളിലാണ് ഉപയോഗിക്കുന്നതെന്നും വിലയിരുത്തി.

ദേശീയ അന്വേഷണ ഏജൻസികളെത്തി

രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമെന്ന നിലയിൽ മിലിട്ടറി ഇന്റലിജൻസ്, റോ, ദേശീയ അന്വേഷണ ഏജൻസി പ്രതിനിധികൾ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. എ.പി.എസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായ അന്വേഷണത്തിന് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി കുളത്തൂപ്പുഴയിൽ ക്യാമ്പ് ഓഫീസും തുടങ്ങി. തീവ്രവാദ ബന്ധമുണ്ടോയെന്ന തരത്തിൽ ഉൾപ്പടെ പരിശോധനകൾ നടന്നു. വിരമിച്ച പട്ടാള ഉദ്യോഗസ്ഥർ ഉപേക്ഷിച്ച വെടിയുണ്ടകൾ ആകാമെന്നും വിലയിരുത്തി. കുളത്തൂപ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും വിരമിച്ച പട്ടാളക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെ ചോദ്യം ചെയ്യുകയുമുണ്ടായി. ഈ കാലയളവിൽ അവധിയ്ക്ക് നാട്ടിലെത്തിയ പട്ടാളക്കാരുടെ വിവരങ്ങളും എടുത്തു. എന്നിട്ടും കൃത്യമായ ഉത്തരം കിട്ടിയില്ല.

തമിഴ് നാട് ബന്ധം

ജനുവരി 21ലെ ഒരു മലയാള ദിനപത്രത്തിന്റെ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു വെടിയുണ്ടകൾ. ഒപ്പം ഒരു വൈദ്യുതി ബില്ലും ഉണ്ടായിരുന്നു. തമിഴ്നാട് സ്വദേശിയും കുളത്തൂപ്പുഴയിൽ താമസക്കാരനുമായ യുവാവിന്റെ ഉടമസ്ഥതയിൽ തമിഴ് നാട്ടിൽ പ്രവർത്തിക്കുന്ന കോഴിഫാമിന്റെ വൈദ്യുതി ബില്ലാണ് അതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുവാവിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. മലയാള ദിനപത്രത്തിൽ പൊതിഞ്ഞിട്ടത് തെറ്റിദ്ധരിപ്പിക്കാനാണോ എന്ന് സംശയിച്ചു. തുടർ അന്വേഷണത്തിൽ തമിഴ്നാട്ടിലേക്കുള്ള വഴികൾ തെളിഞ്ഞെങ്കിലും കൊവിഡിന്റെ വരവ് അന്വേഷണത്തെ ബാധിച്ചു. അതിർത്തി കടന്ന് അന്വേഷണ സംഘത്തിനും പോകുന്നതിന് ഏറെ തടസങ്ങളുണ്ടായി.

ഗൗരവമുള്ള സംഭവം, അന്വേഷണം തുടരും : ഹരിശങ്കർ, കൊല്ലം റൂറൽ എസ്.പി

വെടിയുണ്ടകൾ കണ്ടെത്തിയത് ഗൗരവമുള്ള സംഭവമായിട്ടാണ് കണ്ടിട്ടുള്ളത്. അന്വേഷണ പുരോഗതിയും ഇതിന്റെ ആക്കം കൂട്ടി. അപ്രതീക്ഷിതമായി കൊവിഡ് എത്തിയതോടെ ചില താളപ്പിഴകൾ സംഭവിക്കേണ്ടി വന്നു. അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്നവരാണ് കൊവിഡുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുന്നത്. എന്നാൽ അന്വേഷണം നടന്നുവരികയാണ്. പത്ത് ദിവസം കൂടുമ്പോൾ കേസിന്റെ പുരോഗതി വിലയിരുത്താൻ മീറ്റിംഗ് ചേരുന്നുണ്ട്. കൊവിഡ് പ്രശ്നങ്ങൾ ഒന്ന് അയവ് വരുന്നതോടെ ഗൗരവത്തോടെ തുടർ അന്വേഷണം നടത്തും.