നിയന്ത്രണങ്ങളിൽ അറ്റകുറ്റപ്പണികൾ നീളുന്നു
കൊല്ലം: സാമ്പത്തിക പ്രതിസന്ധിയും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കാരണം അറ്റകുറ്റപ്പണികൾ നീണ്ടതോടെ ജില്ലയിലെ ഗ്രാമീണ റോഡുകൾ തകർന്നടിഞ്ഞു. പൊതുമരാമത്ത് വകുപ്പ്, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള റോഡുകൾക്കാണ് ദുർഗതി.
ലോക്ക് ഡൗണിൽ ക്വാറികളും ക്രഷറുകളും അടഞ്ഞതോടെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മേജർ റോഡുകളുടേതുൾപ്പെടെ നിർമ്മാണത്തിനും തടസമായി. ബി.എം ആൻഡ് ബി.സി, ടാറിംഗ്, റീടാറിംഗ്, കോൺക്രീറ്ര്, മെറ്റലിംഗ് തുടങ്ങിയ വിവിധ തരത്തിൽ നിർമ്മാണം പൂർത്തീകരിക്കേണ്ട ആയിരത്തിലധികം റോഡുകളുടെ നിർമ്മാണമാണ് പലഘട്ടത്തിൽ മുടങ്ങിയിട്ടുള്ളത്.
പ്ളാൻഫണ്ട്, കിഫ് ബി, ശബരിമല റോഡ് സ്കീം തുടങ്ങി കോടികളുടെ മരാമത്ത് പണികളാണ് പൊതുമരാമത്ത് വിഭാഗം റോഡുകളിലും സംസ്ഥാന പാതകളിലും പൂർത്തിയാക്കാനുള്ളത്. നിർമ്മാണത്തിനായി പലയിടത്തും റോഡുകൾ അടയ്ക്കുകയും ഗതാഗതം വഴിതിരിക്കുകയും ചെയ്തത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും തടസമായിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ പ്രദേശം മുതൽ തീരദേശം വരെ അമ്പതോളം മേജർ റോഡുകളുടെ പണികളാണ് ഇഴഞ്ഞുനീങ്ങുന്നത്.
ജില്ലാ പഞ്ചായത്തുൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ആറ് മീറ്റർ വീതിയുള്ള റോഡുകളുടെ നിർമ്മാണം പ്രാധാനമന്ത്രി ഗ്രാമീൺ സഡക് യോജനയുടെ കീഴിലാണ്. ജില്ലയിലെ 11 ബ്ളോക്ക് പഞ്ചായത്തുകളിലായി 98 കി.മീറ്റർ വരുന്ന 55 റോഡുകളാണ് ഈ സ്കീമിൽപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ടെണ്ടർ നടപടികൾ നടന്നുവരുന്നതേയുള്ളൂ.
കുഴി താണ്ടാൻ കാക്കണം
1. ജില്ലകളെയും താലൂക്കുകളെയും ബന്ധിപ്പിക്കുന്ന മേജർ റോഡുകൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യമായത് കോടികൾ
2. പല റോഡുകളും എം.പി - എം.എൽ.എ ഫണ്ടുകളിൽ നിന്നുള്ള തുക വിനിയോഗിച്ച് പൂർത്തിയാക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്
3. ചെറുതും വലുതുമായ ഡസൻ കണക്കിന് റോഡുകളുടെ പട്ടികയും നടപടികൾ കാത്ത് കഴിയുകയാണ്
4. മുന്നറിയിപ്പുകൾ ആവർത്തിക്കുന്നതിനാൽ കാലവർഷത്തിന് ശേഷമേ റോഡ് നിർമ്മാണം ആരംഭിക്കാൻ കഴിയൂ
5. ശബരിമല സീസൺ ആരംഭിക്കുന്നതിന് മുമ്പുപോലും റോഡുപണികൾ പൂർത്തിയാക്കാനാകാത്ത സ്ഥിതിയാണുള്ളത്
നവീകരണത്തിലുള്ള റോഡുകൾ: 289
''
പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന സ്കീം പ്രകാരമുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ ടെണ്ടർ ഘട്ടത്തിലാണ്. മഴ മാറിയാലുടൻ 55 റോഡുകളുടെ പണി ആരംഭിക്കും.
ഗംഗ, എക്സി. എൻജിനിയർ, പി.എം.ജി.എസ്.വൈ
''
തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ലക്ഷങ്ങൾ വകമാറ്റിയതിനാൽ പല പണികളും സ്തംഭിച്ചിരിക്കുകയാണ്.
ബിജു തഴവ, പഞ്ചായത്തംഗം