palam
പിടവൂർ തെരിയൻതോപ്പിലെ തൂക്കുപാലത്തിൽ മരം വീണ നിലയിൽ

പത്തനാപുരം : പിടവൂർ തെരിയൻതോപ്പിലെ തൂക്കുപാലത്തിൽ കഴിഞ്ഞ ദിവസം വലിയ മരം ഒടിഞ്ഞ് വീണിട്ടും വെട്ടി മാറ്റി ഗതാഗതസൗകര്യമൊരുക്കാതെ അധികൃതർ. ഇരുകരയിലെയും തൂണുകളുമായി ബന്ധിപ്പിക്കുന്ന ഇരുമ്പ് കമ്പികളിലേക്കാണ് മരം വീണത്. കമ്പികൾ പൊട്ടിവീണാൽ യാത്രക്കാർക്ക് അപകടം സംഭവിക്കും. മരം മുറിച്ച് മാറ്റാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 2014ൽ 90 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച തൂക്കുപാലം തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. പിറവന്തൂർ, തലവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. പുന്നല, പുനലൂർ ഭാഗത്തു നിന്നും കൊട്ടാരക്കര, കുന്നിക്കോട് ഭാഗത്തേക്ക് പോകുന്നവർക്ക് പത്തനാപുരം ടൗണിലെത്താതെ സഞ്ചരിക്കാനുള്ള എളുപ്പ മാർഗമാണ് ഈ പാലം.

 2014ൽ 90 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച തൂക്കുപാലം തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്

പത്ത് കോടി രൂപ ചെലവിൽ പുതിയ കോൺക്രീറ്റ് പാലം പണിയാൻ അനുമതി ലഭിച്ചിട്ടുണ്ട്.

വാഹനങ്ങൾക്ക് സഞ്ചരിക്കാനാവുന്ന തരത്തിൽ കോൺക്രീറ്റ് പാലം നിർമ്മിച്ചാൽ ടൗണിലെ ഗതാഗത പ്രശ്‌നങ്ങൾക്കും ഒരു പരിധി വരെ പരിഹാരമാകും

കെ.ബി. ഗണേശ് കുമാർ എം.എൽ.എ

പാലത്തിലൂടെ കാൽനടയാത്ര മാത്രം

കല്ലടയാറ്റിന് കുറുകേയുള്ള കിഴക്കേഭാഗം തെരിയൻതോപ്പ് കടവിൽ പാലം നിർമ്മിച്ചത് കെൽ എന്ന പൊതു മേഖലാ കമ്പനിയാണ്. പാലത്തിലൂടെ കാൽനടയാത്ര മാത്രമാണ് സാദ്ധ്യമാകുന്നത്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് മന്ത്രിയായിരുന്ന അടൂർ പ്രകാശിന്റെ റവനൃൂ ഫണ്ടും ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്. പത്തനാപുരം താലൂക്ക് ഓഫീസിൽ നിന്ന് അര കിലോമീറ്റർ മാത്രം അകലെയാണ് പാലം സ്ഥിതി ചെയ്യുന്നത്.

തുരുമ്പെടുത്ത് നശിക്കുന്നു

തൂക്ക് പാലത്തിന്റെ ഭൂരിഭാഗവും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും കശുഅണ്ടി തൊഴിലാളികളുമടക്കം നിരവധി പേർ ആശ്രയിക്കുന്ന പാലമാണ് നശിക്കുന്നത്. ഇരുകരകളിലുമായി നിരവധി ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ദേവാലയങ്ങളിലെ വിശേഷ ദിവസങ്ങളിൽ ഒരേ സമയം നിരവധി പേർ പാലത്തിലൂടെ കടന്ന് പോകാറുണ്ട്.