kollam-thodu
കൊല്ലം തോടിന്റെ പള്ളിത്തോട്ടം ഭാഗത്ത് വികസനത്തിന്റെ ഭാഗമായി പണി നടന്നപ്പോൾ (ഫയൽ ഫോട്ടോ)​

കൊല്ലം: കൊല്ലം തോടിന്റെ ഒന്നും നാലും അഞ്ചും റീച്ചുകളുടെ വികസനത്തിന് കൺസ്ട്രക്ഷൻ കോർപ്പറേഷനുമായുള്ള കരാർ റദ്ദാക്കാൻ നവീകരണത്തിന്റെ ചുമതലയുള്ള ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ആലോചന. ഇതുസംബന്ധിച്ച് അനുമതിക്കായി വകുപ്പ് ചീഫ് എൻജിനീയർ ജലസേചന വകുപ്പിനെ സമീപിച്ചിരിക്കുകയാണ്.

പലതവണ നീട്ടിനൽകിയിട്ടും നവീകരണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കരാർ റദ്ദാക്കാൻ ആലോചിക്കുന്നത്. നേരത്തെ പലതവണ കരാർ റദ്ദാക്കാൻ ആലോചിച്ചിരുന്നെങ്കിലും വീണ്ടും ടെണ്ടറിലേക്ക് പോകുമ്പോഴുള്ള കാലതാമസം ഒഴിവാക്കാനാണ് നീട്ടിനൽകിയത്. കരാർ റദ്ദാക്കിയാലും ശേഷിക്കുന്നവ പൂർത്തിയാക്കാൻ പുതിയ കരാറിലേക്ക് പോകേണ്ടെന്നാണ് നിലപാട്.

ദേശീയ ജലപാതയുടെ ആദ്യഘട്ട വികസനം ഈ വർഷം അവസാനം പൂർത്തിയാക്കി ടൂറിസം ബോട്ട് സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. ചെറിയ ടൂറിസ്റ്റ് ബോട്ടുകളുടെ സർവീസിനാവശ്യമായ ആഴം ഈ ഭാഗങ്ങളിലായിട്ടുണ്ട്. ശേഷിക്കുന്ന പ്രവൃത്തികൾ ഉൾനാടൻ ജലഗതാഗത വകുപ്പ് നേരിട്ട് ചെയ്യാനാണ് ആലോചന.

 6 വർഷം, കരാർ നീട്ടിനൽകിയത് 9 തവണ

2014 ജൂൺ 13ന് മൂന്ന് റീച്ചുകളുടെ വികസനത്തിന്റെ കരാർ ഏറ്റെടുത്ത കൺസ്ട്രക്ഷൻ കോർപ്പറേഷൻ സ്വകാര്യ ഏജൻസിക്ക് 16 മാസത്തിനകം പൂർത്തിയാക്കാൻ ഉപകരാർ നൽകി. കരാർ ഏഴ് തവണ നീട്ടിനൽകിയിട്ടും പൂർത്തിയാക്കിയില്ല. 2019 ആദ്യം കരാർ റദ്ദാക്കാൻ ആലോചന തുടങ്ങിയപ്പോൾ ഉപകരാറുകാരൻ കോടതിയെ സമീപിച്ചു. പിന്നീട് ജൂൺ പകുതിയോടെ 46 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ ആറ് മാസം കൂടി നീട്ടിനൽകി. എന്നിട്ടും പൂർത്തിയാകാഞ്ഞതോടെ വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിനൽകിയ കാലാവധി ഈ വർഷം ജനുവരി 17ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കരാർ റദ്ദാക്കാനുള്ള നടപടിയിലേക്ക് വീണ്ടും കടക്കുന്നത്.

 ഒന്നാം റീച്ച്
പരവൂർ കായൽ മുതൽ താന്നി പാലം വരെ

 നാലാം റീച്ച്

ജലകേളി കേന്ദ്രം- പണ്ടകശാല പാലം

 അഞ്ചാം റീച്ച്

പണ്ടകശാല പാലം - അഷ്ടമുടിക്കായൽ