ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ ജനം വലയുന്നു
കൊല്ലം: ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ജനങ്ങളെ വലയ്ക്കുന്നതിനൊപ്പം കൊവിഡ് പ്രതിരോധത്തിനും വെല്ലുവിളിയാകുന്നു. സോണുകളിലെ വ്യാപാര കേന്ദ്രങ്ങൾക്ക് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പ്രവർത്തനാനുമതി. രാത്രി 7 വരെ പ്രവർത്തിച്ചിരുന്ന കടകൾ ആറ് മണിക്കൂർ നേരത്തെ അടക്കുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ സാമൂഹിക അകലവും പാളുന്നു. റേഷൻ കടകളുടെ പ്രവർത്തനം രാവിലെ 9 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയാക്കി കുറച്ചതോടെ അവിടെയും പതിവിൽ കൂടുതൽ തിരക്കായി. ഹോട്ടലുകൾക്ക് രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെ പാഴ്സൽ നൽകാമെങ്കിലും ഭീമമായ നഷ്ടം താങ്ങാനാകാതെ മിക്ക ഹോട്ടലുകളും അടച്ചു. പ്രവർത്തിക്കുന്ന ഹോട്ടലുകൾ ഉച്ചയോടെ താഴിടും. ഉച്ചയ്ക്ക് രണ്ട് വരെ ബാങ്കുകൾ പ്രവർത്തിപ്പിക്കാൻ ജില്ലാ ഭരണകൂടം അനുവദിച്ചെങ്കിലും ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണുകളിലെ മിക്ക ബാങ്കുകളും അടഞ്ഞ് കിടക്കുകയാണ്. ബാങ്കിംഗ് ഇടപാടുകൾ സ്ഥിരമായി മുടങ്ങുന്നതിന്റെ സാമ്പത്തിക ഞെരുക്കം ചെറുതല്ല.
വരുമാനം നിലച്ചു, ഒരുവഴിക്കായി
ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ജോലിക്ക് പോകാതെ ശമ്പളം ലഭിക്കുന്നത് സർക്കാർ ജീവനക്കാർക്ക് മാത്രമാണ്. വലിയൊരു വിഭാഗം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ദിവസ വേതനക്കാരായ അസംഘടിത തൊഴിലാളികളെ കണ്ടെയ്മെന്റ് സോണുകൾക്ക് പുറത്തേക്ക് പോകാൻ അനുവദിക്കില്ല. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരോട് നിയന്ത്രണങ്ങൾ മാറും വരെ ജോലിക്ക് എത്തേണ്ടെന്നാണ് മിക്ക സ്ഥാപനങ്ങളും അറിയിച്ചത്. ജോലി ചെയ്യാത്ത ദിവസങ്ങളിൽ ശമ്പളവും ഇല്ല. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ സ്വർണം പണയം വയ്ക്കാൻ ശ്രമിച്ചാൽ ധാനകാര്യ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുന്നതും വെല്ലുവിളിയാണ്.
സോണുകളിലെ ആവശ്യം
1. കടകളുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കണം
2. റേഷൻ കടകളുടെ പഴയ പ്രവർത്തന സമയം പുനഃസ്ഥാപിക്കണം
3. തൊഴിൽ നഷ്ടമായവർക്ക് ആശ്വാസം നൽകണം
4. പരമാവധി പ്രദേശങ്ങളിൽ കൊവിഡ് ആന്റിജൻ പരിശോധന നടത്തണം
ഒറ്റ - ഇരട്ടയക്ക പരിഷ്കരണം പാളി
വാഹനങ്ങളുടെ ഒറ്റ - ഇരട്ടയക്ക പരിഷ്കരണവും പാളിത്തുടങ്ങി. പൊലീസിന്റെ വാഹന പരിശോധനാ കേന്ദ്രങ്ങളിൽ വാഹന നമ്പർ നോക്കി ആളെ തടഞ്ഞ് നിറുത്തുന്നില്ല. അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവരെ നമ്പർ നോക്കി തടഞ്ഞ് നിറുത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് പൊലീസ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല, അത് പൊലീസിന്റെ ജോലി ഭാരം വർദ്ധിപ്പിക്കും.
''
വ്യാപാര കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ചുരുക്കിയത് തിരക്ക് വർദ്ധിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങളെ ഇല്ലാതാക്കുന്ന തീരുമാനമാണിത്.
എസ്.സുധീർ, ശാസ്താംകോട്ട