covid

അഞ്ച് പഞ്ചായത്തുകൾക്കായി 750 കിടക്കകൾ

ഓരോ പഞ്ചായത്തിനും 150 കിടക്കകൾ

കൊല്ലം: കരുനാഗപ്പള്ളി താലൂക്കിൽ കൊവിഡ് പോസിറ്റീവ് കേസുകൾ വ്യാപകമായതോടെ വള്ളിക്കാവ് അമൃത എൻജിനീയറിംഗ് കോളേജിൽ ജില്ലയിൽ ഏറ്റവുമധികം രോഗികളെ പ്രവേശിപ്പിക്കാൻ കഴിയുന്ന കൊവിഡ് കോംപ്ളക്സ് തുറക്കാൻ തീരുമാനം. ആഗസ്റ്റ് ഒന്നിന് രോഗികളെ പ്രവേശിപ്പിക്കാനാകുന്ന തരത്തിൽ ഇന്നും നാളെയുമായി ക്രമീകരണങ്ങൾ പൂർത്തിയാക്കും. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർ‌ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. തഴവ, തൊടിയൂർ, ആലപ്പാട്, ക്ളാപ്പന, ഓച്ചിറ ബ്ളോക്ക് പഞ്ചായത്തുകളിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാനുള്ള ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററാണ് സജ്ജമാക്കുന്നത്. ഓരോ പഞ്ചായത്തിനും 150 കിടക്കകൾ വീതമാണ് അനുവദിക്കുക. ലക്ഷണങ്ങൾ പ്രകടമാക്കാത്ത കൊവിഡ് സ്ഥിരീകരിച്ചവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. കുലശേഖരപുരം പഞ്ചായത്തിനായി അമൃത എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിലും ഓച്ചിറ പഞ്ചായത്തിനായി ചങ്ങൻകുളങ്ങര സന ആഡിറ്റോറിയത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കും.

ഓരോ പഞ്ചായത്തിനും

പ്രത്യേകം ബ്ലോക്കുകൾ

കൈലാസം ബ്ളോക്ക് - ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത്

അനുഗ്രഹം - ക്ളാപ്പന ബ്ളോക്ക് പഞ്ചായത്ത്

പ്രണവം - ആലപ്പാട് ബ്ളോക്ക് പഞ്ചായത്ത്

പ്രസാദം - തഴവ ബ്ളോക്ക് പഞ്ചായത്ത്

ശിവം - തൊടിയൂർ ബ്ളോക്ക് പഞ്ചായത്ത്

സനാതനം - ആരോഗ്യ വകുപ്പ് ജീവനക്കാ‌ർക്കുള്ള ക്യാമ്പ്

ആഗസ്റ്റ് ഒന്നിന് പ്രവർ‌ത്തന സജ്ജമാക്കും

എല്ലാ സെന്ററുകളും ആഗസ്റ്റ് 1ന് പ്രവർ‌ത്തന സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനിൽ ബാബു, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ വള്ളിക്കാവിലെത്തി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ സൗകര്യങ്ങൾ വിലയിരുത്തി.

എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ കട്ടിലുകളും ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങളുമുള്ളതിനാൽ കിടക്ക, വിരിപ്പുകൾ, പില്ലോകൾ, സോപ്പ്, രോഗികൾക്കാവശ്യമായ മറ്റ് അത്യാവശ്യസാധനങ്ങൾ എന്നിവ മാത്രം പഞ്ചായത്തുകൾ സ്വന്തം നിലയ്ക്ക് ക്രമീകരിച്ചാൽ മതി.

ശുചീകരണം ഇന്നും നാളെയും

ഇന്നും നാളെയുമായി ഓരോ പഞ്ചായത്തുകൾക്കും തീരുമാനിച്ചിരിക്കുന്ന ബ്ളോക്കുകൾ അതത് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ശുചീകരിക്കും. ഇന്ന് രാവിലെ 9 മണിയോടെ ശുചീകരണം ആരംഭിക്കും. ഒരു രോഗിയെ രണ്ടാഴ്ചക്കാലം താമസിപ്പിച്ച് ചികിത്സിക്കാനുള്ള സംവിധാനമാണ് ഇവിടെയുണ്ടാവുക. ഡോക്ടർമാരെയും ജീവനക്കാരെയും ആരോഗ്യ വകുപ്പ് നിയമിക്കും. രോഗികൾക്ക് മെനുപ്രകാരമുള്ള ഭക്ഷണം തയ്യാറാക്കി പാഴ്സലായി വിതരണം ചെയ്യാൻ കുടുംബശ്രീ യൂണിറ്റുകൾക്ക് ക്വട്ടേഷൻ നൽകും. ട്രീറ്റ്മെന്റ് സെന്ററുകളിൽ സന്നദ്ധ പ്രവർത്തനത്തിനാവശ്യമായ ആളുകളെ തദ്ദേശ സ്ഥാപനങ്ങളാണ് നിയോഗിക്കേണ്ടത്.