photo
കൊട്ടാരക്കര പള്ളിയ്ക്കൽ ഏലായിലേക്ക് ഇറങ്ങുന്ന വഴി

പള്ളിക്കൽ ഏലാ വീണ്ടും കാർഷിക സമൃദ്ധിയിലേക്ക്

കൊല്ലം: കൊട്ടാരക്കര പള്ളിക്കൽ ഏലായിലേക്കിറങ്ങുന്ന നടവഴി കാടുമൂടി നശിക്കുന്നു. ഇവിടുത്തെ തോടിനും സംരക്ഷണമില്ല. തരിശുപാടം ഒരുക്കിയെടുത്ത് നെൽക്കൃഷി ആരംഭിക്കാൻ വിവിധ സംഘടനകൾ തയ്യാറായതോടെ പള്ളിക്കൽ ഏലാ വീണ്ടും കാർഷിക സമൃദ്ധിയിലേക്ക് എത്തുകയാണ്. പാടത്ത് നെൽച്ചെടി നിറയുമ്പോഴും ഇവിടേക്ക് ഇറങ്ങിച്ചെല്ലാനായി വീതിയുള്ള വഴിയില്ലെന്ന പരാതിയാണ് കർഷകർക്കുള്ളത്. കൊട്ടാരക്കര - പള്ളിക്കൽ റോഡിന്റെ വശത്തായാണ് ഏല സ്ഥിതി ചെയ്യുന്നത്. വലിയ തോടിന്റെ അരികിലൂടെ വഴിയുണ്ടെങ്കിലും ഇത് മറ്റ് പാടങ്ങളിലേക്ക് പോകുന്ന കർഷകർക്ക് ഗുണം ചെയ്യില്ല. മദ്ധ്യഭാഗത്തുകൂടിയുള്ള ചെറിയ വഴിയാണ് സാധാരണയായി എല്ലാവരും ഉപയോഗിക്കാറ്. ഒരാൾക്ക് കഷ്ടിച്ച് നടന്നിറങ്ങാൻ പറ്റുന്ന ചെറിയ വഴിയേ ഇവിടെ നിർമ്മിച്ചിട്ടുള്ളൂ. കൃഷി ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന വഴിയായതിനാൽ വേണ്ടത്ര ഫണ്ട് ലഭിക്കുമെങ്കിലും മുൻകൈയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് കർഷരുടെ പരാതി. ഹെക്ടർ കണക്കിനുള്ള പാടത്ത് ഇനിയും പച്ചപ്പ് നിലനിൽക്കുന്നതിന് വീതിയുള്ള വഴി അനിവാര്യമാണ്.

തോടിനും സംരക്ഷണമില്ല

പള്ളിക്കൽ ഏലായിലേക്കിറങ്ങുന്ന നടവഴിയോട് ചേർന്നാണ് ചെറിയ തോടുള്ളത്. ഇതും കാടുമൂടിയിരിക്കുകയാണ്. നീരൊഴുക്ക് സുഗമമായി നടക്കുന്നുമില്ല. തോടിന്റെ വശങ്ങൾ കരിങ്കല്ല് അടുക്കി കെട്ടിയാൽ നീരൊഴുക്കിനും കർഷകർക്ക് വഴിനടക്കാനും സഹായകരമാകും. എന്നാൽ പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ താത്പര്യമെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ഇഴജന്തുക്കളുടെ ശല്യം

പള്ളിക്കൽ ഏലായിലേക്കിറങ്ങുന്ന വഴിയിലൂടെ ഒരാൾക്ക് കഷ്ടിച്ച് നടന്നിറങ്ങാനേ സാധിക്കൂ. ഇതിന്റെ രണ്ടുവശങ്ങളും കാട് മൂടിക്കിടക്കുകയാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യം വ്യാപകമാണെന്ന് പ്രദേശവാസികളും കർഷകരും പറയുന്നു. കൊയ്ത്ത് കാലമെത്തുമ്പോഴേക്കും ഈ വഴി വൃത്തിയാക്കിയില്ലെങ്കിൽ കർഷകർ ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല അനുഭവിക്കേണ്ടി

വരുക. റോഡിന് അടിയിലൂടെ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമുണ്ട്. ഇതിന്റെ കെട്ടുകളും ഇടിഞ്ഞ് തുടങ്ങിയിട്ടുണ്ട്.