photo
അലയമണിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം കൊല്ലം ഡെപ്യൂട്ടി കളക്ടർ റഹീം സന്ദർശിക്കുന്നു. ബ്ലോക്ക് പ‌ഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഹംസ, ബ്ലോക്ക് സെക്രട്ടറി മുരളീധരൻ പിളള തുടങ്ങിയവർ സമീപം

അഞ്ചൽ: കൊല്ലം ഡെപ്യൂട്ടി കളക്ടർ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം അഞ്ചൽ, അലയമൺ, ഇടമുളയ്ക്കൽ പഞ്ചായത്തുകളിലെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിലെ ബഹുനില മന്ദിരത്തിലാണ് ചികിത്സാ കേന്ദ്രം തയ്യാറാക്കിയിട്ടുള്ളത്. അഞ്ചലിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ടൗണിൽ തന്നെ ചികിത്സാ കേന്ദ്രം ഒരുക്കാൻ അധികൃതർ തയ്യാറായത്. നൂറ് കിടക്കകളാണ് ആദ്യഘട്ടത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ആയൂർ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 120 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഡെപ്യൂട്ടി ഡി.എം.ഒ, അഞ്ചൽ ഗവ. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഷെമീർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുരളീധരൻ പിള്ള, അലയമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹംസ തുടങ്ങിയവരും ഡെപ്യൂട്ടി കളക്ടർക്കൊപ്പം എത്തിയിരുന്നു. ഈ മാസം തന്നെ പ്രഥമികാ ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡെപ്യൂട്ടി കളക്ടർ റഹീം പറഞ്ഞു. ആയൂർ ഐശ്വര്യാ കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്ന കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് അഞ്ചൽ ഗവ. എച്ച്.എസ്.എസിലെ 1988 ബാഞ്ചിലെ വാട്സാപ് കൂട്ടായ്മ വാഷിംഗ് മെഷീൻ വാങ്ങി നൽകി. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസി‌ഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് വാഷിംഗ് മെഷീൻ ഏറ്റുവാങ്ങി.