കൊല്ലം: രണ്ട് കുടുംബങ്ങളിലായി ഏഴുപേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക തുടരുന്ന തഴവയിൽ നിതാന്ത ജാഗ്രത. കഴിഞ്ഞദിവസം ശേഖരിച്ച സ്രവപരിശോധനയുടെ ഫലങ്ങൾ വരാനിരിക്കേ രോഗ വ്യാപനം തടയാൻ പ്രദേശത്ത് കർശന നടപടികളാണ് ആരോഗ്യവകുപ്പും പൊലീസും കൈക്കൊണ്ടിരിക്കുന്നത്. രോഗം റിപ്പോർട്ട് ചെയ്ത കടത്തൂർ വാർഡ് പൂർണമായും അടച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച കുടുംബാംഗങ്ങളുമായി സമ്പർക്കമുണ്ടായ അമ്പതോളം പേരുടെ പട്ടിക ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുണ്ട്. കർശനമായി ക്വാറന്റൈനിലാക്കിയ ഇവരെ വ്യാഴാഴ്ച സ്രവ പരിശോധനയ്ക്ക് വിധേയരാക്കും. തഴവ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് വാരിയത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ മുഴുവൻ സമയവും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സമീപ പ്രദേശങ്ങളായ 18, 19, 21,22 വാർഡുകളും നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽപ്പെട്ടവരിൽ പലർക്കും സമീപവാർഡുകളിലെ ആളുകളുമായുണ്ടായ സമ്പർക്കമാണ് പരിസര പ്രദേശങ്ങളിലും ജാഗ്രത കടുപ്പിക്കാൻ കാരണം. രോഗബാധയെതുടർന്ന് വാർഡുകളുടെ വിവിധ ഭാഗങ്ങൾ അണുവിമുക്തമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത, സെക്രട്ടറി സി. ജനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയും രോഗനിവാരണ പ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്. രോഗം പടരാതിരിക്കാൻ പ്രദേശത്തെ കടകളും സ്ഥാപനങ്ങളും അടപ്പിച്ചിരിക്കുകയാണ്. രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ മരുന്ന് വിതരണവും വാർഡ് തലങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.