nidin
നിഥിൻ

കൊല്ലം: ഗൾഫിൽ നിന്നെത്തിയ യുവാവിനെ മൂന്നുകിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി. കരുനാഗപ്പള്ളി കുറ്റിവട്ടം പനയന്നാർ കാവ് രേവതി ഹൗസിൽ നിഥിനെയാണ് (30) കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. കാവനാട് ബൈപ്പാസ് പാലത്തിന് സമീപം കഞ്ചാവ് വിൽപ്പനയുണ്ടെന്ന് കൊല്ലം അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിഥിൻ പിടിയിലായത്. ഗൾഫിലായിരുന്ന നിഥിൻ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ലീവിന് നാട്ടിലെത്തിയത്. അടുത്ത ബന്ധുവായ ചാമ്പക്കടവ് സ്വദേശി ഉണ്ണിക്കുട്ടനെന്ന അഖിൽകുമാറുമായി ചേർന്നാണ് കഞ്ചാവ് വിൽപ്പന തുടങ്ങിയത്. അഖിൽകുമാ‌ർ എറണാകുളത്ത് നിന്ന് രണ്ടു ദിവസം മുമ്പ് കൊണ്ടുവന്ന കഞ്ചാവാണ് നിഥിനെ വിൽപ്പനയ്ക്കായി എൽപ്പിച്ചത്. കരുനാഗപ്പള്ളി സ്വദേശിക്ക്‌ കഞ്ചാവ് കൊടുക്കാനായി കാത്ത് നിൽക്കുമ്പോഴാണ് എക്സൈസിന്റെ പിടിയിലായത്. അഖിൽ കുമാറിനായി അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അറിയിച്ചു.