choonda

 കായൽ - വളർത്ത് മത്സ്യം തേടി പരക്കംപാച്ചിൽ

കൊല്ലം: കടൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ ജില്ലയിലേക്ക് മത്സ്യം കൊണ്ടുവരുന്നതും തടഞ്ഞതോടെ മീൻ ചാറില്ലാതെ ചോറുണ്ണാൻ കഴിയാത്തവരൊക്കെ വളർത്ത് മത്സ്യങ്ങളും കായൽ മീനും തേടിയിറങ്ങി. കായലിൽ മത്സ്യബന്ധനം അനുവദിച്ചെങ്കിലും വിൽപ്പന അംഗീകൃത സ്റ്റാളുകളിലൂടെ മാത്രമാക്കി ചുരുക്കി.

ലോക്ക് ഡൗൺ തുടങ്ങിയ ഘട്ടത്തിൽ വളർത്ത് മത്സ്യങ്ങളുടെ വിളവെടുപ്പ് കഴിഞ്ഞിരുന്നു. അന്ന് ആവശ്യക്കാരേറിയതിനാൽ പകുതി വളർച്ചയെത്തിയ മത്സ്യങ്ങളെയും വിൽക്കേണ്ടി വന്നു. ഇതിനാൽ പഴയത് പോലെ വളർത്ത് മത്സ്യങ്ങൾ കിട്ടുന്നില്ല. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ കുളങ്ങൾ, പറമ്പിൽ നിർമ്മിച്ച ടാങ്കുകൾ, ജലാശയങ്ങളിൽ വല ഉപയോഗിച്ച് നിർമ്മിച്ച പ്രത്യേക കൂടുകൾ എന്നിവിടങ്ങളിൽ മത്സ്യ കൃഷി നടത്തുന്നവരെ തേടി പല ദിക്കിൽ നിന്നും ആളെത്തുന്നുണ്ട്. മൺറോത്തുരുത്, തൃക്കരുവ, പെരിനാട്, പനയം, കരുനാഗപ്പള്ളി ഭാഗങ്ങളിൽ കൂട് കരിമീൻ കൃഷി വ്യാപകമാണ്. ഉപ്പ് വെള്ളത്തിൽ വളരുന്ന ഇനം കരിമീനാണിത്. കാര ചെമ്മീൻ, വനാമി കൊഞ്ച്, നാരൻ കൊഞ്ച്, ഞണ്ട് എന്നിവയും മൺറോത്തുരുത് ഉൾപ്പെടുന്ന അഷ്ടമുടി ഭാഗങ്ങളിൽ ലഭ്യമാണ്. രോഹു, കട്ല, മൃഗാൽ, ആസാം വാള, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് മത്സ്യ കർഷകരിൽ നിന്ന് കൂടുതലായി കിട്ടുന്നത്. ആറു മാസം വളർച്ചയെത്തിയ രോഹു, കട്ല തുടങ്ങിയ മൽസ്യസങ്ങൾ ഒരെണ്ണം 350 ഗ്രാമിലേറെ തൂക്കം വരും.

കോഴി - പോത്തിറച്ചി വിൽപ്പന കൂടി

മത്സ്യലഭ്യത ഇല്ലാതായതോടെ കോഴിയിറച്ചിയുടെയും പോത്തിറച്ചിയുടെയും വിൽപ്പന കൂടി. ഇന്നലെ കോഴിയിറച്ചിയുടെ ശരാശരി വില 105 മുതൽ 120 വരെ ആയിരുന്നു. പോത്തിറച്ചി കിലോയ്ക്ക് ശരാശരി 360 രൂപയ്ക്ക് കിട്ടും. 200 രൂപയുടെ പൊതിയായും പോത്തിറച്ചി വിൽക്കുന്ന ഇടങ്ങളുണ്ട്. രോഹു ,കട്ല, മൃഗാൽ, ആസാം വാള എന്നിവ ശരാശരി 250 രൂപയാണ് കിലോ വില. കൊഞ്ചിനും കരിമീനിനും വില 500 രൂപയ്ക്ക് മുകളിലാണ്.

ചൂണ്ടക്കോലുമായി കാത്തിരിപ്പ്

1. ഗ്രാമങ്ങളിൽ സജീവമായി ചൂണ്ടയിടൽ സംഘങ്ങൾ

2. യുവാക്കളുടെ സംഘം സജീവം

3. ആശ്രയം ജലാശയങ്ങൾ, തോടുകൾ, പുഞ്ച, ചിറകൾ

4. കുരുങ്ങുന്നത് പള്ളത്തി, കുറുവ, കൈതക്കോര, വരാൽ, കരിമീൻ

5. ചെലവിടുന്നത് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ

6. ഒരു കറിക്കുള്ള മീൻ ഉറപ്പായും ചട്ടിയിലെത്തും

കോഴിയിറച്ചി: 105 - 120 രൂപ (കിലോ)

പോത്തിറച്ചി: 360 രൂപ

വളർത്ത് മത്സ്യങ്ങൾ: 250 രൂപ

കൊഞ്ച്: 500 രൂപ

കരിമീൻ: 500 രൂപ

''

രണ്ട് മൂന്ന് മണിക്കൂർ ചൂണ്ടയുമായി ഇരുന്നാൽ ഒരു കറിക്കുള്ള മീൻ കിട്ടും. ചൂണ്ടയിടാൻ ധാരാളം പേരെത്തുന്നുണ്ട്.

പി.പ്രശാന്ത്,

പടിഞ്ഞാറെ കല്ലട