കടയ്ക്കൽ: ജനവാസമേഖലയിൽ ഇറങ്ങിയ കരടിയെ കൂട്ടിലാക്കാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ 10 ഓടെയാണ് ആനപ്പാറ കാട്ടുകുളങ്ങര ക്ഷേത്രത്തിന് സമീപം നാട്ടുകാർ കരടിയെ കണ്ടത്.
പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ വിവരം അറിഞ്ഞെത്തിയ അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ.ജയന്റെ നേതൃത്വത്തിലവുള്ള വനപാലക സംഘം കരടിയെ കണ്ടെത്തിയെങ്കിലും സ്വകാര്യ വ്യക്തിയുടെ കാട് മൂടിയ പുരയിടത്തിലേയ്ക്ക് ഓടി മറഞ്ഞു. പിന്നീട് കരടിയെ കുടുക്കാൻ കെണിയൊരുക്കി തേനും പഴുത്ത ചക്കയും വച്ച് കാത്തിരുന്നെങ്കിലും രാത്രി തേൻ മാത്രം ഭക്ഷിച്ച കരടി വീണ്ടും അപ്രത്യക്ഷമായി. വനപാലകർ രണ്ടുദിവസം കാത്തിരുന്നിട്ടും കരടിയെ കുടുക്കാനായില്ല. നാൽപ്പതോളം വനപാലകർ കരടി പതിയിരിക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെ കടയ്ക്കലിൽ നിന്ന് 6 കിലോമീറ്റർ അകലെ ചിതറ പഞ്ചായത്തിലെ സൈഡ് വാളിന് സമീപം കരടിയെ കണ്ട വാർത്ത വനപാലകർ സ്ഥിരീകരിച്ചു. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ അകലെ തലവരമ്പിന് സമീപവും കരടിയെ കണ്ടതായി നാട്ടുകാർ പറയുന്നു.
''
കരടി താവളം മാറ്റാൻ സാദ്ധ്യത കൂടുതലാണ്. നാട്ടുകാരുടെ ആശങ്ക പരിഹരിക്കാതെ കടയ്ക്കലിൽ സ്ഥാപിച്ച കൂട് മാറ്റില്ല.
വനപാലകർ