pravasi

കൊല്ലം: സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ യുവാവിനെ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര പുലമൺ പുളിവിള വീട്ടിൽ മാധവൻ പിള്ളയുടെ മകൻ സന്തോഷ് കുമാറാണ് (42) മരിച്ചത്. തിങ്കളാഴ്ച രാത്രി വള്ളിക്കാവിലെ സ്വകാര്യ വനിതാ ഹോസ്റ്റലില ക്വാറന്റൈനിൽ നിന്നാണ് ചാടിപ്പോയത്.

ഗൾഫിൽ നിന്നെത്തിയ സന്തോഷ് തിങ്കളാഴ്ചയാണ് ക്വാറന്റൈൻ കേന്ദ്രത്തിലെത്തിയത്. രാത്രി അസ്വസ്ഥനായി ബഹളമുണ്ടാക്കിയതായി കെയർ ടേക്കർ അനീഷ് വെളിപ്പെടുത്തി. സീലിംഗ് ഫാനിൽ കൈലി ഉപയോഗിച്ച് തൂങ്ങാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ ഓച്ചിറ പൊലീസിനെയും വില്ലേജ് ഓഫീസറെയും അറിയിച്ചു.അതോടെ, സന്തോഷ് കുമാറിനെ ഹോം ക്വാറന്റൈനിലാക്കാൻ പൊലീസ് നിർദേശിച്ചു. വീട്ടിലെത്തിക്കാൻ ശ്രമിക്കവെ സെന്ററിൽ നിന്ന് ചാടി പിൻവാതിൽ വഴി പുറത്തുകടന്ന സന്തോഷിനെ കാണാതാകുകയായിരുന്നു. പുലരും വരെയും ടി.എസ് കനാലിലുൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുട‌ർന്ന് വൈകിട്ട് അഞ്ചരയോടെ ഹെലിക്യാം ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ക്വാറന്റൈൻ കേന്ദ്രത്തിനടുത്ത് വള്ളിക്കാവ് അമൃതാ എൻജിനിയറിംഗ് കോളേജിന്റെ മെയിൻ ഗേറ്റിന് സമീപത്ത് ചതുപ്പിൽ പുതഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഓടുന്നതിനിടെ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.