പുനലൂർ: തെന്മല പഞ്ചായത്തിലെ തേവർകുന്നിൽ അനധികൃതമായി കുന്നിടിച്ച് മണ്ണു കടത്തിയ സ്ഥലം പുനലൂർ ആർ.ഡി.ഒ.ബി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ പരിശോധിച്ചു. കൊവിഡിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന തേവർകുന്നിലെ അനധികൃത കുന്നിടിക്കലും മണ്ണ് കടത്തും കഴിഞ്ഞ ആഴ്ച തെന്മല പൊലീസും ആക്ഷൻ കൗൺസിൽ പ്രവർത്തകരും ചേർന്ന് തടഞ്ഞിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച കുന്നിടിക്കലാണ് താലൂക്കിൽ നിന്നെത്തിയ റവന്യൂ സ്ക്വാഡ് സ്റ്റോപ്പ് മെമ്മോ നൽകി തടഞ്ഞിരുന്നത്. കുന്നിടിക്കാൻ ഉപയോഗിച്ച ഹിറ്റാച്ചിയും പിടിച്ചെടുത്തു. എന്നാൽ തെന്മല പഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോണാക്കിയതിന്റെ മറവിലാണ് വീണ്ടും കുന്നിടിക്കാൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികളും നാട്ടുകാരും ജില്ലാ കളക്ടർക്കും ആർ.ഡി.ഒയ്ക്കും നിരവധി തവണ പരാതി നൽകിയിരുന്നു. സംഭവം നേരിട്ട് അന്വേഷിച്ച് കളക്ടർക്ക് റിപ്പോർട്ടു നൽകാനാണ് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ തഹസിൽദാർ (എൽ.ആർ) ബിനു രാജ്, റിൽജു തുടങ്ങിയ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. ആക്ഷൻ കൗൺസിൽ രക്ഷാധികാരികാരികളായ എൽ. ഗോപിനാഥപിള്ള, വാർഡ് അംഗം മുംതാസ് ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം താഹിറ ഷെറീഫ്, കൺവീനർ എസ്. ഉദയകുമാർ, എ. കുഞ്ഞുമൈതീൻ എന്നിവർ ആർ.ഡി.ഒയെ നേരിൽക്കണ്ട് വിവരങ്ങൾ ധരിപ്പിച്ചു.