ചാത്തന്നൂർ: പോളച്ചിറ ഏലായ്ക്ക് സമീപം കാടുപിടിച്ച് കിടക്കുന്ന പുരയിടത്തിൽ പുലിയെ കണ്ടതായുള്ള വാർത്ത പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. രണ്ട് ദിവസത്തെ ആശങ്കയ്ക്കൊടുവിൽ, കണ്ടത് വൈൽഡ് കാറ്റ് ഇനത്തിൽപ്പെട്ട പൂച്ചയാണെന്ന് അധികൃതർ സ്ഥിരീകരിച്ചതോടെയാണ് ഭീതിയകന്നത്.
നെടുങ്ങോലത്ത് സ്വകാര്യ സ്കൂളിന് സമീപം ഒഴുകുപാറ ഇഞ്ചിവിള ഭാഗത്ത് പുലിയോട് സാദൃശ്യമുള്ള മൃഗം ഓടിപ്പോകുന്നതായി സ്ഥലവാസിയായ വീട്ടമ്മ കണ്ടു. സമീപത്ത് കുറ്റിക്കാടുകൾ ഉണ്ടായിരുന്നതിനാൽ വ്യക്തമായി കാണാൻ സാധിച്ചില്ല. ഇതിനകം സമൂഹമാദ്ധ്യമങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂം പുലിയിറങ്ങിയെന്ന വ്യാജവാർത്തകൾ വന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി. ഊണും ഉറക്കവും ഇല്ലാതെ രാത്രി മുഴുവൻ നാട്ടുകാർ കഴിഞ്ഞുകൂടി. കർഷകരും ക്ഷീര കർഷകരും തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഇന്നലെ രാവിലെ ഏഴുമണി കഴിഞ്ഞാണ് പലരും പുറത്തിറങ്ങിയതും പശുവിന്റെ കറവ തുടങ്ങിയതും.
ഇന്നലെ രാവിലെയോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി. ഇതിന്റെ ഫോട്ടോ അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അയച്ചുനൽകി. റേഞ്ച് ഓഫീസർ ജയന്റെ നേതൃത്വത്തിൽ ഫോട്ടോ പരിശോധിച്ച് കാൽപ്പാടുകൾ കാട്ടുപൂച്ചയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സമീപത്ത് പൗൾട്രി ഫാമുകൾ ഉള്ളതിനാൽ വള്ളിപ്പൂച്ചയാകുമെന്ന് പ്രദേശത്തെ മുതിർന്ന ആളുകളും പറയുന്നു.