covid

പുനലൂർ : പട്ടണത്തിലെ പഴ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കമുണ്ടാകാൻ സാദ്ധ്യതയുള്ളവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. ഇദ്ദേഹത്തിന്റെ കട നാളുകളായി അടച്ചിട്ടിരിക്കുന്നതിനാൽ രോഗപ്പകർച്ചാ സാദ്ധ്യത കുറവാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പുനലൂർ പവർഹൗസ് ജംഗ്ഷന് സമീപം ഉന്തുവണ്ടിയിൽ മധുരക്കിഴങ്ങ്, നെല്ലിക്ക എന്നിവ കച്ചവടം ചെയ്യുന്ന വ്യക്തിയെക്കുറിച്ച് അറിയാവുന്നവർ വിവരം നൽകണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ അറിയിച്ചു. ഇദ്ദേഹം ഉച്ചയ്ക്ക് മുൻപാണ് സാധാരണയായി കച്ചവടം നടത്തുന്നത്. ഇതിന് പുറമേ തൊളിക്കോട് മഞ്ജു ബേക്കറിക്ക് സമീപത്തുനിന്നും സ്ഥിരമായി രാവിലെ പത്തോടുകൂടി തിരികെ വരുന്ന ആട്ടോറിക്ഷകളിൽ കയറുകയും കൃഷ്ണൻ കോവിലിനോ ആരാധന ആശുപത്രിക്കോ സമീപത്ത് ഇറങ്ങുകയും ചെയ്യുന്ന സ്ത്രീയെയും പുരുഷനെയും ആരോഗ്യവകുപ്പ് അധികൃതർ തിരയുന്നുണ്ട്. വിവരം ലഭിക്കുന്നവർ 9496746827, 9446503943 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.