fee

 നികുതിവരുമാനവും ലൈസൻസ് ഫീയും നിലച്ചു

കൊല്ലം: കൊവിഡ് കെടുതികൾക്കൊപ്പം സാമ്പത്തിക പരാധീനതകളിൽ നട്ടംതിരിയുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. കാലാവധി പൂർത്തിയാക്കാൻ മൂന്നുമാസം ശേഷിക്കെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടപ്പാക്കാനിരുന്ന പല പദ്ധതികൾക്കും പണമില്ലാത്ത വിഷമത്തിലാണ് ഭരണസമിതികൾ.

രണ്ട് പ്രളയവും സാമ്പത്തികമാന്ദ്യവും നികുതി - ഇതര വരുമാനത്തിലെ കുറവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നട്ടെല്ല് തകർത്തപ്പോഴാണ് കൊവിഡിന്റെ രംഗപ്രവേശം. ലോക്ക് ഡൗണും തുടർന്നുള്ള നിയന്ത്രണങ്ങളും നികുതി പിരിവുൾപ്പെടെയുള്ള ധനാഗമന മാർഗങ്ങൾ അടച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മിക്ക തദ്ദേശ സ്ഥാപനങ്ങളുടെയും ഡോർ ടു ഡോർ നികുതിപിരിവിന് തടസമായി. മുൻവ‌ർഷങ്ങളിൽ കാൽ കോടി രൂപവരെ നികുതി പിരിച്ചിരുന്ന പല സ്ഥാപനങ്ങളിലും ഇത്തവണ അഞ്ചിലൊന്ന് തുക പോലും പിരിക്കാനായില്ല.

നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചതിനാൽ പെർമിറ്റ് ഫീ ഇനത്തിലുള്ള വരുമാനവും കുറഞ്ഞു. പുതിയ സ്ഥാപനങ്ങൾ ആരംഭിക്കാൻ സംരംഭകർ മുന്നോട്ട് വരാത്തതിനാൽ ലൈസൻസ് ഇനത്തിലും വരവില്ല. തദ്ദേശീയമായുള്ള തനത് ഫണ്ടുകളും സർക്കാർ ഗ്രാന്റുമാണ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തന മൂലധനം.


ചെലവിന് പഞ്ഞമില്ല


വരുമാനം കുറഞ്ഞെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ ചെലവുകൾക്ക് കുറവൊന്നുമില്ല. ജീവനക്കാരുടെ ശമ്പളത്തിന് മാത്രം പ്രതിമാസം ലക്ഷങ്ങൾ വേണം. ഹെൽത്ത് സെന്ററുകൾ പോലുള്ള ഘടകസ്ഥാപനങ്ങളുടെ വൈദ്യുതി, വെള്ളം, താത്കാലിക ജീവനക്കാരുടെ ശമ്പളം, വഴിവിളക്കുകളുടെ വൈദ്യുതി നികുതി തുടങ്ങിയ ചെലവുകൾക്കും ഭീമമായ തുക വേണം.

ബുദ്ധിമുട്ടിലേക്ക് തള്ളിയത്

1. കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യവകുപ്പിന് സമാനമായ ഉത്തരവാദിത്തം

2. ലോക്ക് ഡൗണിൽ വരുമാനം നിലച്ചു, ജീവനക്കാരുടെ ശമ്പളം ബാദ്ധ്യത

3. അണുനശീകരണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് സൗകര്യങ്ങൾ സജ്ജീകരിക്കൽ

4. ക്വാറന്റൈൻ കേന്ദ്രം, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലെ അടിസ്ഥാന സൗകര്യം

5. തനത് ഫണ്ടിൽ നിന്ന് തുക ചെലവഴിക്കാനുള്ള സർക്കാർ നിർദ്ദേശം

വരുമാന സ്രോതസുകൾ

 കെട്ടിട നികുതി

 തൊഴിൽ നികുതി

 ലൈസൻസ്

 പെർമിറ്റ് ഫീസ്

 സർക്കാരിൽ നിന്നുള്ള ജനറൽ പർച്ചേസ് ഗ്രാന്റ്

''

കേന്ദ്രത്തിൽ നിന്ന് പ്ളാൻ ഫണ്ടിനത്തിൽ പണം ലഭിക്കുമെങ്കിലും നിശ്ചിത പദ്ധതികൾക്ക് മാത്രമേ ചെലവിടാവൂ എന്നാണ് ചട്ടം.

തദ്ദേശ ഭരണസമിതി