കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് ഹോമിയോ - ആയുർവേദ ഡോക്ടർമാർ
കൊല്ലം: ജില്ലയിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് ഹോമിയോ, ആയുർവേദ ഡോക്ടർമാരെ നിയോഗിക്കുന്നതോടെ ആശുപത്രികളുടെ പ്രവർത്തനം മുടങ്ങും. രോഗലക്ഷണം പ്രകടിപ്പിക്കാത്ത രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട് ആവശ്യമായ പരിശീലനം ഇവർക്ക് നൽകി കഴിഞ്ഞു.
എല്ലാ പഞ്ചായത്തുകളിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങുന്നതോടെ ഡോക്ടർമാരെ പൂർണമായും അവിടേക്ക് നിയോഗിക്കും. മുൻപ് നൽകിയ പ്രിസ്ക്രിപ്ഷൻ അനുസരിച്ച് ഫർമസിയിൽ നിന്ന് തുടർന്നും മരുന്ന് വാങ്ങാം എന്നല്ലാതെ ഡോക്ടറുടെ സേവനം ഉണ്ടാകില്ല.
പഞ്ചായത്ത് തല ക്ലിനിക്കുകളിലെ എം.ഡി യോഗ്യതയുള്ള ഡോക്ടർമാരെയാണ് സ്പെഷ്യാലിറ്റി ക്ലിനിക്കുകളിൽ നിയോഗിച്ചത്. അവരും കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ ഭാഗമാകുന്നതോടെ ആയിരങ്ങളുടെ ചികിത്സ പൂർണമായും മുടങ്ങും. സമാന പ്രതിസന്ധിയാണ് ആയുർവേദ ആശുപത്രികളും നേരിടുന്നത്. മൃഗഡോക്ടർമാരെ കൂടി കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ ഭാഗമാക്കാനാണ് നീക്കം.
ഹോമിയോ ആശുപത്രി കൊവിഡ് സെന്റർ
ജില്ലാ ഹോമിയോ ആശുപത്രിയിലെ കിടത്തി ചികിത്സ അവസാനിപ്പിച്ചിട്ട് നാളുകളായി. താക്കോൽ ജില്ലാ ഭരണകൂടത്തിന് കൈമാറി. ഏത് നിമിഷവും ഇവിടെ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചേക്കാം. അതോടെ ജില്ലാ ഹോമിയോ ആശുപത്രിയിലെ ഒ.പി പ്രവർത്തനവും നിലയ്ക്കും.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുടങ്ങില്ല
1. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് കൂടുതൽ ഡോക്ടർമാർ വേണം
2. പ്രാഥമിക - സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഡോക്ടർമാരെ പിൻവലിക്കില്ല
3. ഒ.പിയും ഐ.പിയും മുടങ്ങാതെയുള്ള ക്രമീകരണം ഉറപ്പാക്കും
4. ഹോമിയോ - ആയുർവേദ ഡോക്ടർമാരെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ നിയോഗിക്കും
5. സ്രവം ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശീലനം നൽകി
''
അലോപ്പതി ആശുപത്രികളുടെ പ്രവർത്തനം മുടങ്ങില്ല. ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും.
ആരോഗ്യവകുപ്പ്