കൊല്ലം: പൊളിച്ചുനീക്കിയ കല്ലുപാലത്തിന് പകരം പുതിയ കോൺക്രീറ്റ് പാലം നിർമ്മിക്കാനുള്ള പൈലിംഗ് രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കും. പൈലിംഗ് യൂണിറ്റുകൾ കഴിഞ്ഞ ദിവസം നിർമ്മാണ സ്ഥലത്ത് എത്തിച്ചു.
പാലം നിർമ്മാണത്തിൽ 16 പൈലുകളാണ് ആകെയുള്ളത്. ഇതിൽ ചാമക്കട ഭാഗത്തെ പൈലിംഗാകും ആദ്യം നടക്കുക. ഈ സമയം മറുവശത്ത് മണ്ണിടിഞ്ഞ് വീഴാതിരിക്കാനുള്ള ബലപ്പെടുത്തൽ നടക്കും. ചാമക്കട ഭാഗത്തെ ഭിത്തിയുടെ ബലപ്പെടുത്തൽ ഏകദേശം പൂർത്തിയായിട്ടുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞിരുന്നു. സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
4 കോടി രൂപയുടെ പദ്ധതി
25 മീറ്റർ നീളത്തിൽ നാല് കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഒക്ടോബർ അവസാന വാരമാണ് നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയത്. ദേശീയ ജലപാതയുടെ ഭാഗമായ കൊല്ലം തോട് വഴിയുള്ള ഗതാഗതത്തിനുള്ള തടസം നീക്കുന്നതിന്റെ ഭാഗമായാണ് വീതി കുറഞ്ഞ പഴയ കല്ലുപാലം പൊളിച്ചുനീക്കി പുതിയത് നിർമ്മിക്കുന്നത്. നിർമ്മാണ കരാർ വളരെ നേരത്തെയായെങ്കിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിലുണ്ടായ കാലതാമസമാണ് നിർമ്മാണം ആരംഭിക്കുന്നത് വൈകിപ്പിച്ചത്.
'' പൈലിംഗ് വരുംദിവസങ്ങളിൽ ആരംഭിക്കും. വേഗത്തിൽ പാലം നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്."
ജോയി ജനാർദ്ദനൻ (എ.എക്സി.ഇ, ഉൾനാടൻ ജലഗതാഗത വകുപ്പ്)