കൊല്ലം: ഗൾഫിൽ നിന്ന് നാട്ടിലെത്തി കൊവിഡ് കാരണം തിരിച്ചുപോക്ക് മുടങ്ങിയപ്പോൾ കടം വീട്ടാൻ ബന്ധുവുമൊത്ത് കഞ്ചാവ് വിൽപ്പനയ്ക്കിറങ്ങിയ യുവാവ് അകത്തായി. കരുനാഗപ്പള്ളി കുറ്റിവട്ടം പനയന്നാർകാവ് രേവതി ഹൗസിൽ നിഥിനെയാണ് (30) കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും പാർട്ടിയും അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പാണ് ഗൾഫിൽ പെയിന്റിംഗ് തൊഴിലാളിയായിരുന്ന നിഥിൻ നാട്ടിലെത്തുന്നത്. കടബാദ്ധ്യതകൾ കാരണം കിടപ്പാടം പോലും നഷ്ടപ്പെട്ട് വാടക വീട്ടിൽ കഴിയുന്ന നിഥിന് വട്ടച്ചെലവിന് പോലും പണമില്ലാതായപ്പോൾ പെട്ടെന്ന് പണക്കാരനാകാനാണ് കഞ്ചാവ് വിൽപ്പനയിലേക്ക് തിരിഞ്ഞത്.
സ്വകാര്യ മൊബൈൽ കമ്പനിയുടെ ടവറിന്റെ അറ്റകുറ്റപ്പണികൾക്കും മറ്റും പോകുന്ന സംഘത്തിന്റെ ഡ്രൈവറും ബന്ധുവുമായ ചാമ്പക്കടവ് സ്വദേശി അഖിലുമായി നിഥിൻ തന്റെ ആശയം പങ്കുവച്ചു. മൊബൈൽ ടവറിന്റെ ആവശ്യത്തിനായി ഓടുന്ന വാഹനത്തിൽ കഞ്ചാവ് സുരക്ഷിതമായി എത്തിച്ചുനൽകാമെന്ന് അഖിൽ ഏറ്രതോടെ ലാഭത്തിന്റെ പകുതി വീതം വയ്ക്കാമെന്ന കരാറിൽ പാർട്ണർ ഷിപ്പിൽ ഇരുവരും കഞ്ചാവ് കച്ചവടത്തിനിറങ്ങി. രണ്ട് മാസം മുമ്പാണ് കച്ചവടം തുടങ്ങിയത്. മുമ്പ് പൊലീസിനെ അക്രമിച്ച കേസിൽ പ്രതിയായ നിഥിൻ തന്റെ പഴയ സുഹൃത്തുക്കളുൾപ്പെടെ പലർക്കും രഹസ്യമായി തന്റെ ബിസിനസ് വിവരം കൈമാറി. ഇവരിൽ പലരും അവരുടെ സുഹൃത്തുക്കളുമായി ധാരാളം പേർ ആഴ്ചകൾക്കകം നിഥിന്റെ ഇടപാടുകാരായി.
വീട്ടിലോ നാട്ടിലോ ആർക്കും സംശയമുണ്ടാകാത്ത വിധം കൊല്ലം നഗരത്തിലും പരിസരത്തുമായിട്ടായിരുന്നു നിഥിന്റെ കച്ചവടം. പച്ചപിടിച്ചതോടെ കടം കൊടുക്കാനുണ്ടായിരുന്ന പലർക്കും പണം ഉടൻ തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് നിഥിൻ വാട്ട്സ് ആപ്പ് സന്ദേശമയച്ചു. ഗൾഫിലേക്ക് തിരിച്ചുപോകാനാകാതെ കഷ്ടപ്പെടുമ്പോഴും കടംവാങ്ങിയ പണം തിരികെ നൽകാനുള്ള നിഥിന്റെ ആഗ്രഹവും പരിശ്രമവും നാട്ടിലും സുഹൃത്തുക്കൾക്കിടയിലും ചർച്ചയായി. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതായിട്ടായിരുന്നു പലരോടും നിഥിൻ പറഞ്ഞിരുന്നത്.
എന്നാൽ, കാവനാട് ബൈപ്പാസ് പാലത്തിന് സമീപം കഞ്ചാവ് വിൽക്കുകയും യുവാക്കൾ സംഘം ചേർന്ന് ഉപയോഗിക്കുകയും ചെയ്യുന്നതായി കൊല്ലം അസി.എക്സൈസ് കമ്മിഷണർ ബി.സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് നിഥിൻ പിടിയിലായത്.
അഖിൽ എറണാകുളത്ത് നിന്നും രണ്ടു ദിവസം മുമ്പ് കടത്തികൊണ്ടു വന്ന കഞ്ചാവാണ് നിഥിനെ വിൽപ്പനക്കായി എൽപ്പിച്ചത്. കരുനാഗപ്പള്ളി സ്വദേശിക്ക് കഞ്ചാവ് കൊടുക്കാനായി കാത്ത് നിൽക്കുമ്പോഴാണ് എക്സൈസിന്റെ പിടിയിലായത്. അഖിലുമായി അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അറിയിച്ചു.
കടത്താൻ പുതുതന്ത്രം
വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് പിടിക്കാതിരിക്കാൻ പുതിയ തന്ത്രങ്ങളാണ് കഞ്ചാവ് ലോബി പയറ്റുന്നത്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും കഞ്ചാവുമായി എത്തുന്നത് പിടിക്കപ്പെടാൻ തുടങ്ങിയതോടെ എക്സൈസിന്റെ കണ്ണ് വെട്ടിക്കാൻ മറ്റ് മാർഗങ്ങളാണ് അവലംബിക്കുന്നത്. കൊവിഡിനെ തുടർന്ന് അന്തർ സംസ്ഥാന റെയിൽ ഗതാഗതം മുടങ്ങിയതിനാൽ കഞ്ചാവ്കടത്താൻ പുതു മാർഗ്ഗങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സാധനങ്ങൾ കൊണ്ടുപോകുന്നതിന്റെ മറവിൽ കഞ്ചാവും കടത്തിയത്. കിലോഗ്രാമിന് 30,000 രൂപാ നിരക്കിൽ വാങ്ങിക്കൊണ്ടുവരുന്ന കഞ്ചാവ് ചില്ലറ വിൽപ്പനക്കാരുടെ കൈയിലെത്തുമ്പോൾ ഗ്രാമിന് 500 രൂപയാണ് വില. കഞ്ചാവ് വിൽപ്പനയിൽ നിന്നും ലഭിക്കുന്ന അമിതലാഭമാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഒരു കിലോ കഞ്ചാവ് വിൽപ്പന നടത്തുമ്പോൾ 10,000 രൂപ കമ്മിഷൻ നൽകാമെന്ന് അഖിൽ വാഗ്ദാനം ചെയ്തിരുന്നതായി നിഥിൻ പറഞ്ഞു. യുവാക്കളെയും വിദ്യാർത്ഥികളേയും കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. എക്സൈസ് ഇൻസ്പെക്ടർ.ടി. രാജീവ് ,പ്രിവന്റീവ് ഓഫീസർ ശ്യാംകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്, വിഷ്ണു, നഹാസ്, കബീർ, ഗോപകുമാർ, മനു എന്നിവരും സംഘത്തിലുൾപ്പെട്ടിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.