photo
ആട്ടോ റിക്ഷയിൽ പച്ചക്കറി കച്ചവടം നടത്തുന്ന സജി

കരുനാഗപ്പള്ളി: കൊവിഡ് 19 സാമൂഹ്യ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കരുനാഗപ്പള്ളിയെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാക്കിയതോടെ ആട്ടോ റിക്ഷാ ഡ്രൈവർമാരുടെ ജീവിതം ലോക്കായി. സവാരിക്കാരുടെ എണ്ണം തീരെ കുറഞ്ഞതോടെയാണ് ഇവർ ദുരിതക്കയത്തിലായത്. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ 800 ഓളം ആട്ടോറിക്ഷാ തൊഴിലാളികളുണ്ട്. ഏപ്രിൽ മാസം മുതൽ ഇങ്ങോട്ട് ഓട്ടം തീരെയില്ലാത്ത അവസ്ഥയാണെന്ന് ആട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നു. കൊവിഡ് 19 സാമൂഹ്യ വ്യാപനത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവീസ് നിറുത്തിയതോടെ കരുനാഗപ്പള്ളി ടൗണിൽ യാത്രക്കാർ കുറഞ്ഞു. ഇത് ആട്ടോ റിക്ഷാ ഡ്രൈവർമാരെയും പ്രതികൂലമായി ബാധിച്ചു. കുടുംബം പട്ടിണിയായതോടെ ഡ്രൈവർമാരിൽ പലരും പുറം പണിക്ക് പോവേണ്ട സ്ഥിതിയാണ്.

 കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ 800 ഓളം ആട്ടോറിക്ഷാ തൊഴിലാളികളുണ്ട്.

കുടുംബം പട്ടിണിയിലായി: ആട്ടോ റിക്ഷ

പച്ചക്കറി വണ്ടിയാക്കി സജി

ലോക്ക് ഡൗണിൽ കുടുംബം പട്ടിണിയായതോടെ ആട്ടോ റിക്ഷകൾ ജീവിക്കാൻ ഉതകുന്ന മറ്റ് പണികൾക്കായി വിനിയോഗിക്കുകയാണ് പലരും. അയണിവേലിക്കുളങ്ങര തെക്ക് ഇടയത്ത് വീട്ടിൽ സജി (49) ആട്ടോ റിക്ഷയിൽ പച്ചക്കറി കച്ചവടം തുടങ്ങിയാണ് പ്രതിസനന്ധി ഘട്ടത്തിൽ പിടിച്ചു നിൽക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ആഴ്ചകളായി ഓട്ടം ലഭിക്കാത്തതിനെ തുടർന്നാണ് സജി പച്ചക്കറി കച്ചവടത്തിനായി ആട്ടോ റിക്ഷയുമായിറങ്ങിയത്. രാവിലെ 8 മണി മുതൽ വൈകിട്ട് 3 വരെ പണിയെടുത്താൽ കുടുംബം പോറ്റാനുള്ള വരുമാനം ലഭിക്കുമെന്നാണ് സജി പറയുന്നത്. ഹൃദ്രോഗിയായ സജി കഴിഞ്ഞ 26 വർഷമായി ആട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. നട്ടെല്ലിന് രോഗം ബാധിച്ച ഭാര്യ രണ്ട് വർഷമായി ചികിത്സയിലാണ്. കബഡി ടീമിന്റെ സ്റ്റേറ്റ് പ്ലെയറായ മകൻ കളിക്കിടയിൽ മറിഞ്ഞ് വീണ് കാലിന് ക്ഷതമേറ്റ് 6 മാസമായി ചികിത്സയിലാണ്. ജീവിക്കാനുള്ള എല്ലാ മാർഗങ്ങളും അടഞ്ഞതോടെയാണ് സജി ആട്ടോ റിക്ഷ പച്ചക്കറി കച്ചവടത്തിനായി സജ്ജമാക്കിയത്.