വാടിയിലേക്ക് കൊണ്ടുവന്ന മത്സ്യം പൊലീസ് പിടികൂടി
കൊല്ലം: ജില്ലയിൽ മത്സ്യബന്ധനത്തിനൊപ്പം വിപണനവും നിരോധിച്ചിരിക്കുന്നതിനിടയിൽ രഹസ്യമായി മത്സ്യക്കച്ചവടം. കരുനാഗപ്പള്ളിയിൽ നിന്ന് മത്സ്യവുമായി വാടിയിലേക്ക് വരുകയായിരുന്ന ലോറി ഇന്നലെ വെസ്റ്റ് പൊലീസ് പിടിച്ചെടുത്തു.
33 പെട്ടി മത്തിയായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഓച്ചിറയിൽ നിന്നാണ് മത്സ്യം കൊണ്ടുവന്നത്. കരുനാഗപ്പള്ളി, ചവറ തുടങ്ങിയ സ്ഥലങ്ങളിലായി 50 ഓളം പെട്ടികൾ ഇറക്കിയ ശേഷമാണ് വാടിയിലേക്ക് വന്നത്. ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. വാടിയിൽ എത്തിയ ശേഷം എവിടെ ഇറക്കണമെന്ന് അറിയിക്കാമെന്നാണ് ഉടമ ലോറി ഡ്രൈവറോട് പറഞ്ഞിരുന്നത്.
പൊന്നാനിയിൽ നിന്ന് വലിയ ലോറിയിൽ എത്തിച്ച ശേഷം ചെറു ലോറികളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോവുകയായിരുന്നു. വെസ്റ്റ് പൊലീസ് പിടിച്ചെടുത്ത മത്സ്യം നഗരസഭാ ജീവനക്കാർ കുഴിച്ചുമൂടി.
ഇടറോഡുകളിൽ കണ്ണുവെട്ടിച്ച് കച്ചവടം
മത്സ്യവിപണനം നിരോധിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും ജില്ലയുടെ ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ വാഹനങ്ങളിൽ മത്സ്യം എത്തുന്നുണ്ട്. ഇടറോഡുകളിലാണ് കച്ചവടം. തമിഴ്നാട്ടിൽ നിന്ന് മത്സ്യം കൊണ്ടുവരുന്നുണ്ടെന്ന സംശയവും പൊലീസിനുണ്ട്. തമിഴ്നാട്ടിൽ നിന്ന് മത്സ്യവുമായെത്തിയ ലോറിത്തൊഴിലാളികളുമായുള്ള സമ്പർക്കത്തിലൂടെയാണ് ജില്ലയുടെ കിഴക്കൻ മേഖലയിലെ മത്സ്യക്കച്ചവടക്കാർക്ക് കൊവിഡ് പടർന്നത്.