max

കൊല്ലം: രണ്ട് കുടുംബങ്ങളിലായി ഏഴു പേർക്ക് കൊവിഡ് സ്ഥിരീകരിച്ച തഴവ കടത്തൂരിൽ പ്രാഥമിക സമ്പർക്കപ്പട്ടികയിൽപ്പെട്ട നൂറോളം പേരുടെ സ്രവപരിശോധന ഇന്ന് നടക്കും.

തഴവ തണ്ണീർക്കര ജംഗ്ഷനിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരിക്കും പരിശോധന. തഴവ കടത്തൂരിലെ ആദ്യ കൊവിഡ് കേസായ വ്യാപാരിയുടെ സമ്പർക്കപ്പട്ടികയിൽപ്പെട്ട കൂടുതൽ പേരുടെ സ്രവ സാമ്പിളുകളുടെ പരിശോധനാഫലം വരാനിരിക്കേ പ്രദേശത്ത് ജാഗ്രതാ നടപടികൾ തുടരുകയാണ്. രോഗവ്യാപനം തടയാൻ പ്രദേശത്ത് ആരോഗ്യവകുപ്പും പൊലീസും കർശന നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. കടത്തൂർ വാർഡ് പൂർ‌ണമായും അടച്ച നിലയിലാണ്. തഴവ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ റിഷാദ്, ഡോ. സംഗീത, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് വാരിയത്ത് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ മുഴുവൻ സമയവും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സമീപ വാ‌ർഡുകളായ 18, 19, 21,22 എന്നിവിടങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത, സെക്രട്ടറി സി. ജനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയും രോഗനിവാരണ പ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.