konchu

 430 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും

കൊല്ലം: ഉൾനാടൻ മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കാനും മത്സ്യത്തൊഴിലാളികൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കാനുമായി 430 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ വിവിധ റിസർവോയറുകളിലും പുഴകളിലും ഫിഷറീസ് വകുപ്പ് നിക്ഷേപിക്കും.

പദ്ധതി ഉദ്ഘാടനം ഇന്ന് രാവിലെ 10ന് വിഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ ഉൾനാടൻ മത്സ്യ ഉത്പാദനം മൂവായിരം ടണ്ണിലധികം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. സംസ്ഥാനത്തെ 56 ശുദ്ധ ജലാശയങ്ങൾ, നദീതീര കടവുകൾ, 44 ഒാരു ജാലശയങ്ങൾ, കായൽ തീര കടവുകൾ എന്നിവിടങ്ങൾക്ക് പുറമെ 15 റിസർവോയറുകളിലുമാണ് കുഞ്ഞുങ്ങളെ നിക്ഷേപിക്കുക.

ഭക്ഷ്യ ഉത്പാദനത്തിൽ സ്വയം പര്യപ്തത എന്ന ലക്ഷ്യത്തിൽ അഞ്ചുകോടി രൂപയാണ് സർക്കാർ മാറ്റിവയ്ക്കുന്നത്. ഇത്രയും കൂടിയ അളവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ആദ്യമായാണ് നടപ്പിലാക്കുന്നത്.

റിസർവോയറുകളിൽ സാദ്ധ്യത കടലോളം


സംസ്ഥാനത്തെ 47 റിസർവോയറുകളിൽ 33 റിസർവോയറുകൾ മത്സ്യ ഉത്പാദനത്തിന് ഉതകുന്നതാണ്.
റിസർവോയർ ഫിഷറീസ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലൂടെ 12 റിസർവോയറുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് അധിക ഉത്പാദനം നടത്തിയിരുന്നു. ഇതിന് പുറമെ പത്തനംതിട്ട, തൃശൂർ, ഇടുക്കി, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ 16 റിസർവോയറുകളിലാണ് ഈ വർഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. തൃശൂരിലെ പീച്ചി, വാഴാനി റിസർവോയറുകൾ സംരക്ഷിത മേഖലയിൽ ഉൾപ്പെടുന്നതിനാൽ തനത് മത്സ്യക്കുഞ്ഞുങ്ങളും മറ്റുള്ള റിസർവോയറുകളിൽ കാർപ്പ് കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിക്കുക.

റിസർവോയറുകൾ

ജലാശയം: 18,421 ഹെക്ടർ

മത്സ്യക്കുഞ്ഞുങ്ങൾ: 129.74 ലക്ഷം (നിക്ഷേപം)

ഗുണം ലഭിക്കുന്ന മത്സ്യത്തൊഴിലാളികൾ: 5,000

ചെലവഴിക്കുന്നത്: 2 കോടി


ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിക്കും

ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിന് കാർപ്പുകൾ, പൂമീൻ, ആറ്റുകൊഞ്ച്, ചെമ്മീൻ എന്നിവയ്ക്കൊപ്പം മറ്റ് തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെയും പുഴകളിൽ നിക്ഷേപിക്കും. 300.26 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് പദ്ധതി പ്രകാരം നിക്ഷേപിക്കുന്നത്.
പ്രാദേശിയമായി രൂപീകരിച്ച ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിലുകൾ മത്സ്യബന്ധന നിയന്ത്രണങ്ങൾ തീരുമാനിച്ച് ജലാശയങ്ങളുടെ സംരക്ഷണവും മേൽനോട്ടവും നടത്തും. പദ്ധതിക്കായി മൂന്ന് കോടി രൂപ ചെലവഴിക്കും. പുഴകളും കായലുമടങ്ങുന്ന 100 സ്ഥലങ്ങളിലായി 300 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്.

''

മത്സ്യ ഉത്പാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കുകയാണ് ലക്ഷ്യം. 430 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ അഞ്ചുകോടി രൂപയാണ് ചെലവിടുക.

ഫിഷറീസ് വകുപ്പ്