mannu
തെന്മല പഞ്ചായത്തിലെ തേവർകുന്നിൽ അധികൃതമായി കുന്നിടിച്ചു മണ്ണ് കടത്താൻ ശ്രമിച്ചത് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടയുന്നു

പുനലൂർ: തെന്മല പഞ്ചായത്തിലെ തേവർ കുന്നിൽ പൊലീസ് ഇടപെട്ട് നിറുത്തി വയ്പ്പിച്ചിരുന്ന അനധികൃത കുന്നിടിക്കൽ വീണ്ടും ആരംഭിച്ചതോടെ മൂന്ന് പേരെ തെന്മല പൊലീസ് അറസ്റ്റു ചെയ്തു. പുനലൂർ സ്വദേശികളായ ഉബൈദ്, റിയാസ്, മനോജ് എന്നിവരാണ് പിടിയിലായത്. കണ്ടെയ്ൻമെന്റ് സോണായ ഇവിടെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. കഴിഞ്ഞ ആഴ്ച കുന്നിടിച്ച മണ്ണ് കല്ലടയാറിന്റെ തീരത്തിടുന്നത് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു. സംഭവം അറിഞ്ഞെത്തിയ തെന്മല പൊലീസ് കുന്നിടിക്കൽ അന്നും നിറുത്തിവയ്പ്പിച്ചിരുന്നു. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ തിങ്കളാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയതിന് തൊട്ടു പിന്നാലെയാണ് ഇന്നലെ വീണ്ടും കുന്നിടിക്കൽ ആരംഭിച്ചത്. തെന്മല എസ്.ഐ. ജയകുമാറാണ് ഹിറ്റാച്ചിയുടെ ഡ്രൈവർ അടക്കം മൂന്ന് പേരെ പിടികൂടിയത്. ആക്ഷൻ കൗൺസിൽ കൺവീനർ എസ്. ഉദയകുമാർ, എസ്.ഇ. സഞ്ജ് ഖാൻ ,എ. കുഞ്ഞുമൈതീൻ, ഹിദായത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുന്നിടിക്കൽ തടഞ്ഞത്.