photo
തൃക്കണ്ണമംഗൽ ചേരൂർ ഏലായിലെ കൊയ്ത്ത്

കൊല്ലം: ലോക്ക് ഡൗൺ കാലയളവിലെ നെൽകൃഷിയ്ക്ക് നൂറുമേനി വിളവ്. കൊട്ടാരക്കര തൃക്കണ്ണമംഗൽ ചേരൂർ ഏലായിലാണ് കർഷകനായ ജോസിന്റെ വാശിയിൽ നെൽക്കൃഷി തിരികെ വന്നതും വിജയം കൊയ്തതും. നെൽക്കൃഷി നഷ്ടമാണെന്നുപറഞ്ഞ് ഒട്ടുമിക്ക കർഷകരും പണകോരി മരച്ചീനി നട്ടിരുന്ന ഏലയാണിവിടെ. ജോസും മരച്ചീനിക്കൃഷി നടത്തി വിജയിച്ചതുമാണ്. എന്നാൽ ലോക് ഡൗൺ തുടങ്ങിയ വേളയിൽ മറിച്ചുചിന്തിച്ചു, 30 സെന്റ് നിലത്തിന്റെ പണ തട്ടിയിളക്കി നിരപ്പാക്കി. കൊത്തിക്കിളച്ചും മരമടിച്ചും നിലമൊരുക്കി. വരമ്പ് പിടിച്ച് വീണ്ടും പഴയ പാടത്തിന്റെ തനിമയിലെത്തിച്ചു. രണ്ട് പതിറ്റാണ്ടായി നെൽക്കൃഷിയ്ക്ക് സലാം പറഞ്ഞിരുന്ന ഏലായിലേക്ക് ജ്യോതി നെൽവിത്തെറിഞ്ഞപ്പോൾ കളിയാക്കാനും ഉപദേശിക്കാനും ചിലരുണ്ടായി. ഇനി ഈ പാടത്ത് നെല്ലിൻ കതിര് മതിയെന്ന് ജോസ് ഉറപ്പിച്ചതോടെ പിന്തിരിപ്പൻമാർ പിൻവാങ്ങി. വിത്തെറിഞ്ഞത് പാഴായില്ല. ചീനിപ്പാത്തിയിലെ വെള്ളം പമ്പ് ചെയ്താണ് കൃഷി ചെയ്തത്.

ഇനിയും നെൽക്കൃഷി തുടരും

നൂറ് ദിനംകൊണ്ട് കൊയ്ത്തിന് പാകമായപ്പോൾ പഴയ കൊയ്ത്ത് തൊഴിലാളികളായ റോസയും ഗ്രേസിയും പാടത്തേക്കെത്തി. ഒഡീഷക്കാരൻ ബഹൻ മാലിക്കും കാർഷിക ഗ്രാമവികസന സമിതി അംഗം സജി ചേരൂരും അസി.കൃഷി ഓഫീസർ അനിൽകുമാറും ജോസിനൊപ്പം പാടത്തേക്കിറങ്ങി. ഓരോ കറ്റകൊയ്യുമ്പോഴും ആത്മസമർപ്പണത്തിന്റെ വിജയപ്പുഞ്ചിരി അവരിലെല്ലാം തെളിഞ്ഞു.കന്നിക്കൃഷിയായതിനാൽ ചില്ലറ പോരായ്മകളുണ്ടെങ്കിലും ഇനിയും നെൽക്കൃഷി തുടരാനാണ് ജോസിന്റെ തീരുമാനം. കൃഷി ഭവന്റെ സഹായങ്ങളും കച്ചിയിൽ നിന്നുള്ള വരുമാനവും കൂട്ടിക്കിഴിച്ചപ്പോഴും കന്നിക്കൃഷിയും നല്ല ലാഭത്തിലാണ്.

30 സെന്റ് നിലത്തിൽ

നൂറുമേനി വിളവ്