കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവയ്ക്ക് പുറമേ ഒരാശുപത്രി കൂടി കൊവിഡ് സെന്ററാക്കാൻ ആലോചന. കൊവിഡ് കൂടുതലായി സ്ഥരീകരിക്കുന്ന മേഖലയിലെ താലൂക്ക് ആശുപത്രിയാകും കൊവിഡ് സെന്ററാക്കുക. കൊവിഡ് ബാധ നിയന്ത്രണ വിധേയമാവുകയാണെങ്കിൽ ഈ നീക്കം ഉപേക്ഷിക്കും.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് മൂന്നാം കൊവിഡ് സെന്ററിനായുള്ള ആലോചന തുടങ്ങിയത്. വിപുലമായ ചികിത്സാ സംവിധാനങ്ങളുള്ളതോ വേഗത്തിൽ സജ്ജമാക്കാൻ കഴിയുന്നതോ ആയ ആശുപത്രിയാകും തിരഞ്ഞെടുക്കുക. ജില്ലാ ആശുപത്രി മാതൃകയിൽ ഇവിടുത്തെ ഒരു വിഭാഗം ഡോക്ടർമാരെയും പാരാ മെഡിക്കൽ ജീവനക്കാരെയും കൊവിഡ് ചികിത്സയ്ക്കായി നിയോഗിക്കും. ബാക്കിയുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും.
ജില്ലാ ആശുപത്രി കൊവിഡ് റഫറൻസ് സെന്റർ
കൊവിഡ് സ്ഥിരീകരിക്കുന്നവരെ ആദ്യമെത്തിച്ചുള്ള ആരോഗ്യനില പരിശോധന പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയിലെത്തിക്കുന്ന കൊവിഡ് ബാധിതരിൽ ഗുരുതര രോഗലക്ഷണങ്ങൾ ഉള്ളവരെ മാത്രമാണ് ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നത്. ബാക്കിയുള്ളവരിൽ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെ ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സിക്കും. രോഗലക്ഷണമില്ലാത്തവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് കൊണ്ടുപോകും.
കൊവിഡ് ബാധിതർ
പാരിപ്പള്ളി മെഡി. കോളേജ്: 80
ഐ.സി.യുവിൽ: 12 പേർ
ജില്ലാ ആശുപത്രിയിൽ: 153
(ബാക്കിയുള്ളവർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ)
ചികിത്സാ ക്രമീകരണം
എ- രോഗലക്ഷണങ്ങൾ ഇല്ലാത്തവർ- ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ
ബി - ചെറിയ രോഗലക്ഷണങ്ങളുള്ളവർ- ജില്ലാ ആശുപത്രിയിൽ
സി - ഗുരുതരാവസ്ഥയിലുള്ളവർ- പാരിപ്പള്ളി മെഡിക്കൽ കോളേജിൽ