asma-beevi

 രോഗമുക്തയാകുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി

കൊല്ലം: അസാമാന്യ ധൈര്യത്തോടെ ഒൻപതാം നാൾ കൊവിഡ് ലോക്കഴിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും ഉമ്മുമ്മയായ 105 കാരി. അഞ്ചൽ തഴമേൽ കണിയാംവിള വീട്ടിൽ അസ്മാ ബീവി കൊവിഡ് മുക്തയായ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്.

13ന് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മത്സ്യക്കച്ചവടക്കാരനായ കൊച്ചുമകനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മാസം പ്രായമുള്ള കുട്ടിയടക്കം കുടുംബത്തിലെ ഒൻപതുപേർ കൊവിഡ് ബാധിതരായി. 20നാണ് അസ്മാ ബീവിക്ക് കൊവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.. പനിയും ചുമയുമായിരുന്നു രോഗലക്ഷണം. ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗിയായതിനാൽ ചികിത്സിക്കാൻ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചു. മെഡിക്കൽ ബോർഡ് എല്ലാ ദിവസവും ആരോഗ്യനില വിലയിരുത്തി. കൊവിഡ് വാർഡിൽ മകളും മരുമകനും കൊച്ചുമകനും തൊട്ടടുത്ത കട്ടിലുകളിലുണ്ടായിരുന്നു. അവരെക്കാൾ ആത്മവിശ്വാസമായിരുന്നു അസ്മാ ബീവിക്ക്. മരുമകനടക്കം മൂന്നുപേർ കഴിഞ്ഞദിവസം രോഗമുക്തരായി. അസ്മാ ബീവിയും മകളും ഇന്നലെയാണ് വീട്ടിലേക്ക് മടങ്ങിയത്. അഞ്ച് മാസം പ്രായമുള്ള കുട്ടിയടക്കം ഈ കുടുംബത്തിലെ നാലുപേർ കൂടി രോഗമുക്തരാകാനുണ്ട്. നേരത്തെ കശുഅണ്ടി തൊഴിലാളിയായിരുന്നു അസ്മാ ബീവി.