കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരനിവാസികൾക്ക് ഇപ്പോൾ ഭീതിയുടെ ദിനങ്ങളാണ്. കാട്ടാനക്കൂട്ടവും പുലിയും കാടിറങ്ങുന്നത് പതിവായി. ഇപ്പോൾ കരടിയും ഇറങ്ങി. വനമേഖലയിൽ നിന്ന് നാട്ടിലേക്കിറങ്ങിയ കരടിയെ ഭയന്ന് കഴിയുന്നത് കടയ്ക്കൽ കാട്ടുകുളങ്ങര നിവാസികളാണ്. കഴിഞ്ഞ ദിവസം ജനവാസമേഖലയിലെത്തിയ കരടിയെ മയക്ക്വെടി വച്ചോ കെണിയിൽ അകപ്പെടുത്തിയോ പിടികൂടാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. കരടിയെ കണ്ട് ഭയന്ന നാട്ടുകാർ അറിയിച്ച പ്രകാരം എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും കരടിയെ നേരിട്ട് കണ്ടിരുന്നു. കാട്ടുകുളങ്ങര ക്ഷേത്രത്തിന് സമീപം കാട് മൂടിയ പ്രദേശത്ത് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് കരടിയെ കണ്ടത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ കാടിനകത്തും സമീപത്തെ പാറക്കെട്ടിലും പരിശോധന നടത്തിയെങ്കിലും ബഹളം കേട്ട് കരടി പാറക്കെട്ടിനിടയിൽ ഒളിച്ചു.
അഞ്ചൽ വനം റേഞ്ച് ഓഫീസറും റാപ്പിഡ് റസ്പോൺസ് ടീമും സ്ഥലത്തെത്തി കൂട് വച്ച് കെണിയൊരുക്കി പിടികൂടാൻ ശ്രമം തുടങ്ങി. കൂട്ടിനുള്ളിൽ മുന്തിരിയും തേനും അടക്കമുള്ള ഭക്ഷണ സാധനങ്ങൾ വച്ച് കാത്തിരിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് ചിതറ പഞ്ചായത്തിലെ അരിപ്പയിൽ കരടിയെ കണ്ടിരുന്നു. റോഡരികിലെ തേൻ കർഷകരുടെ വീടുകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന തേനീച്ചക്കൂടുകൾ നശിപ്പിച്ച കരടിയെ പിന്നീട് ചിതറ തൂറ്റിക്കലിന് സമീപവും കണ്ടിരുന്നു. ഈ കരടിയാണ് ദിവസങ്ങൾക്ക് ശേഷം കാട്ടുകുളങ്ങരയിൽ എത്തിയതെന്നാണ് കരുതുന്നത്. ഏത് നിമിഷവും കരടി പുറത്തിറങ്ങുമെന്ന് വനപാലകർ മുന്നറിയിപ്പ് നൽകിയതോടെ ഭയപ്പാടോടെ കഴിയുകയാണ് പ്രദേശവാസികൾ. വളർത്ത് മൃഗങ്ങളെയും കരടി ആക്രമിച്ചേക്കാമെന്നാണ് അവരുടെ ഭയം.
കാടിറങ്ങി കടുവയും പുലിയും
കിഴക്കൻ മേഖലയിൽ വന്യമൃഗങ്ങൾ കാടിറങ്ങി നാട്ടുകാരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളേറെയായി. തെന്മല ഒറ്റക്കല്ലിൽ വനത്തിൽ നിന്ന് 5 കിലോമീറ്ററോളം അകലെ ജനവാസമേഖലയായ ചെമ്പനരുവിയിൽ ഇറങ്ങിയ പുലി വളർത്ത് നായയെ കടിച്ചുകൊന്നത് അടുത്തിടെയാണ്. മാമ്പഴത്തറ കുറവൻതാവളത്ത് റബ്ബർ തോട്ടത്തിൽ രാത്രി കാവൽക്കാരും കടുവയെ കണ്ടിരുന്നു. ഇതിനടുത്ത ദിവസം ചാലിയക്കരയിൽ രണ്ട് കുഞ്ഞുങ്ങളുമായി തള്ളപ്പുലിയെയും കണ്ടിരുന്നു. പുലർച്ചെ ടാപ്പിംഗിനു പോയ തൊഴിലാളികൾ കണ്ടെങ്കിലും അവരെ ഉപദ്രവിച്ചില്ല. തുടർന്ന് ഒറ്റക്കല്ലിൽ പുലിയുടെ സാന്നിദ്ധ്യം അറിയാൻ കാമറ സ്ഥാപിച്ചു. ഒരുമാസം മുമ്പാണ് ആര്യങ്കാവ് കോട്ടവാസൽ കമ്പിലൈൻ ഭാഗത്ത് ജനവാസ മേഖലയിൽ കരടിയിറങ്ങിയത്. തെന്മലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ചെന്നായകൾ രണ്ട്പേരെ കടിച്ച് പരിക്കേൽപ്പിച്ച സംഭവവും ഉണ്ടായി. പത്തനാപുരം പുന്നല തോങ്കോട് കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പെരുന്തോയിൽ, മഹാദേവർമൺ, കടശ്ശേരി മേഖലകളിലാണ് പുലിയുടെ സാന്നിദ്ധ്യമുള്ളത്. മുള്ളുമല, ചെരിപ്പിട്ടകാവ് എന്നിവിടങ്ങളിൽ പകൽസമയത്ത് പോലും പുലിയെ കണ്ടവരുണ്ട്.
സുചിത്രവധം:
കുറ്റപത്രം സമർപ്പിച്ചു
ബ്യൂട്ടി പാർലറിൽ ട്രെയിനി ആയിരുന്ന കൊല്ലം മുഖത്തല ശ്രീവിഹാറിൽ സുചിത്രയെ കാമുകൻ പാലക്കാട്ട് കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ജില്ലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കൊലക്കേസിൽ കൊല്ലം ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി (രണ്ട്) ജഡ്ജി അരുൺകുമാർ മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. സുചിത്രയുടെ സുഹൃത്തായ യുവതിയുടെ ഭർത്താവ് സംഗീതാദ്ധ്യാപകൻ കൂടിയായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്താണ് പ്രതി. കഴിഞ്ഞ മാർച്ച് 17നാണ് സുചിത്രയെ കാണാതായത്. അമ്മ വിജയലക്ഷ്മി കൊട്ടിയം പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം മന്ദഗതിയിലായിരുന്നു. തുടർന്ന് അമ്മ ഹൈക്കോടതിയിയെ സമീപിച്ചതോടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. അതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭാര്യയെ കാണാൻ വീട്ടിലെത്തുന്ന സുചിത്രയുമായി പ്രശാന്ത് അടുപ്പത്തിലായി. സുചിത്രയിൽ നിന്ന് പലപ്പോഴായി പ്രതി കടംവാങ്ങിയ 2.75 ലക്ഷം രൂപയെച്ചൊല്ലിയുള്ള തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സുചിത്രയെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി പ്രതി വാടകയ്ക്ക് താമസിച്ച പാലക്കാട് മണലി ശ്രീറാം സ്ട്രീറ്റിലെ വീട്ടിൽ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന സുചിത്രയെ എമർജൻസി ലാമ്പിന്റെ വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. പിന്നീട് വെട്ടുകത്തി കൊണ്ട് ഇരുകാലുകളുടെയും മുട്ടിന് താഴോട്ടുള്ള മാംസം വെട്ടിയെടുത്തു. എല്ലുമാത്രമായതോടെ കാൽ ഒടിച്ചുമാറ്റി. സ്വർണാഭരണങ്ങളെല്ലാം ഊരി മാറ്റിയ ശേഷം കത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വീടിന്റെ പിന്നിൽ കുഴിയെടുത്ത് ശരീരവും മുറിച്ച കാലുകളും അതിലിട്ട് മൂടുകയായിരുന്നു. സുചിത്രയെ കാണാതായി 39-ാം ദിവസമാണ് ശരീരാവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തത്. മൊബൈൽ ഫോണും സാമൂഹിക മാധ്യമങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രശാന്തിലേക്കെത്തിച്ചത്. ആദ്യം കുറ്റം നിഷേധിച്ച പ്രതി പല കള്ളക്കഥകളും പറഞ്ഞ് അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചിരുന്നു. ക്രൈംബ്രാഞ്ച് എ.സി.പി ബി.ഗോപകുമാർ, സൈബർസെൽ എസ്.ഐ വി.അനിൽകുമാർ, ക്രൈംബ്രാഞ്ച് എസ്.ഐ നിസാം എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഉത്രവധം ; പ്രതി സൂരജ് മാത്രം,
രണ്ടാംപ്രതി മാപ്പുസാക്ഷി
അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് സൂരജിനെ മാത്രം പ്രതിയാക്കാൻ അന്വേഷണസംഘത്തിന്റെ തീരുമാനം. രണ്ടാം പ്രതിയായിരുന്ന പാമ്പ്പിടുത്തക്കാരൻ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷിനെ മാപ്പ്സാക്ഷിയാക്കി കൊട്ടാരക്കര കോടതി പ്രഖ്യാപിച്ചു. സുരേഷ് ഇത്സംബന്ധിച്ച് നൽകിയ അപേക്ഷയിലാണ് നടപടി. ഉത്രയെ കൊലപ്പെടുത്താൻ ഭർത്താവ് സൂരജിന് അണലി, മൂർഖൻ പാമ്പുകളെ നൽകിയത് സുരേഷാണെന്ന് കണ്ടെത്തിയിരുന്നു. മൂർഖന്റെ കടിയേറ്റാണ് ഉത്ര മരിച്ചത്. ഉത്രയെ കൊലപ്പെടുത്താനാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് അറിയില്ലായിരുന്നുവെന്നാണ് സുരേഷ് കോടതിയിൽ മൊഴി നൽകിയത്. അതേസമയം സൂരജിന്റെ മാതാപിതാക്കളെയും സഹോദരിയെയും പ്രതിയാക്കില്ലെന്നാണ് സൂചന. കേസിൽ അറസ്റ്റിലായ സൂരജിന്റെ പിതാവ് സുരേന്ദ്രൻ ഇപ്പോഴും റിമാന്റിലാണ്. ഇവർക്കെതിരെ ഗാർഹിക പീഡനത്തിനാകും കേസെടുക്കുക.