rafeek
റഫീക്ക്

കൊട്ടിയം: കരൾരോഗം ബാധിച്ച യുവാവ് ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ വലയുന്നു. മൈലാപ്പൂര് തൈയ്ക്കാവിന് സമീപം വാറുവിള ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന റഫീക്ക് (28) ആണ് ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നത്.

ചിന്നക്കടയിൽ ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന റഫീക്ക് രക്തം ദാനം ചെയ്യാൻ പോയപ്പോഴാണ് അസുഖവിവരം അറിയുന്നത്. മഞ്ഞപ്പിത്തം കരളിൽ ബാധിച്ചതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങളുടെ ചെലവ് വരും. ചികിത്സയുടെ ഭാഗമായി പതിനയ്യായിരം രൂപയോളം വിലയുള്ള നാൽപ്പത്തിയെട്ട് ഇൻജക്ഷനും എടുക്കേണ്ടതുണ്ട്. കുത്തിവയ്പ്പ് നടത്തുവാൻ ആഴ്ചയിൽ മൂന്നുദിവസം ആശുപത്രിയിൽ കിടക്കുകയും വേണം.

ഭാര്യയും ഒരു കുഞ്ഞുമുള്ള ഇയാളുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. വീട്ടുവാടക കൊടുക്കുവാൻ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിൽ. സ്വന്തമായുണ്ടായിരുന്നതെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചു. ഇപ്പോൾ ചികിത്സ തുടരാൻ വഴിയില്ലാതെ സങ്കടക്കടലിലാണ് റഫീക്കിന്റെ കുടുംബം.

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ ബാങ്ക് ഒഫ് ഇന്ത്യയുടെ കടപ്പാക്കട ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 847410110013796. ഐ.എഫ്.എസ്.സി: BKID0008474. ഗൂഗിൾ പേ ഫോൺ: 7559914569.