കൊല്ലം: കൊട്ടാരക്കരയിലും വെട്ടിക്കവലയിലും ഇന്നലെ ഒരു കൊവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്തില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്നലെ 97 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ ഒരാൾക്ക് പോലും രോഗം സ്ഥിരീകരിക്കാത്തതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ പ്രവർത്തകർ. രോഗം പടർന്ന ശേഷം കൊട്ടാരക്കരയിൽ ഇടയ്ക്ക് രണ്ട് ദിനങ്ങളിൽ പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നില്ല. എന്നാൽ വെട്ടിക്കവലയിൽ എല്ലാ ദിവസവും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മൈലം പഞ്ചായത്തിലെ പള്ളിയ്ക്കലിൽ രണ്ടുപേർക്കും കരീപ്ര പഞ്ചായത്തിൽ ഒരാൾക്കും ഉമ്മന്നൂരിൽ രണ്ടുപേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണാക്കി എല്ലായിടങ്ങളിലും ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ കലയപുരത്ത് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവും തുറന്നു.
ആരോഗ്യ പ്രവർത്തകർക്ക് നന്ദി
സാമൂഹ്യ വ്യാപനത്തിന്റെ വക്കിൽ നിന്നാണ് കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റും വെട്ടിക്കവലയിലെ തലച്ചിറയും തിരികെവന്നത്. ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും കഠിന പരിശ്രമമാണ് വിജയം കാണുന്നത്. ജനപ്രതിനിധികളും പൊലീസുമടക്കം എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കാനും മുന്നിലുണ്ടായിരുന്നു.