covid

ആരോഗ്യ മന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു

കൊല്ലം: കൊവിഡ് പരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആർ.ടി.പി.സി.ആർ ലാബ് തുറന്നു. കൊല്ലത്ത് തന്നെ സ്രവ പരിശോധന നടത്താൻ കഴിയുന്നതോടെ കൊവിഡ് ചികിത്സയിലും രോഗ നിർണയത്തിലും ജില്ലയ്ക്ക് വേഗത കൈവരിക്കാനാകും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെയാണ് ലാബ് ഉദ്ഘാടനം ചെയ്തത്. കൂട്ടായ പരിശ്രമത്തിലൂടെ കൊവിഡ് മരണനിരക്കും രോഗവ്യാപനവും നിയന്ത്രിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്നരക്കോടി രൂപ ചെലവിലാണ് ആർ.ടി.പി.സി.ആർ ലാബ് സജ്ജമാക്കിയത്. 20 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കൊവിഡ് ഐ.സി.യു, പ്ലാസ്‌മ തെറാപ്പി നടപ്പിലാക്കുന്നതിന് സ്ഥാപിച്ച പ്ലാസ്‌മ ഫെറസിസ് മെഷീൻ എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.

500 കിടക്കകളും 42 വെന്റിലേറ്ററുകളും

കൊവിഡ് രോഗികൾക്കായി 500 കിടക്കകളും 42 വെന്റിലേറ്ററുകളും ആശുപത്രിയിൽ ലഭ്യമാണ്. നവീകരിച്ച കൊവിഡ് ഐ.സി.യുവിൽ 18 കിടക്കകളാണുള്ളത്. എല്ലാ കിടക്കകൾക്കും വെന്റിലേറ്റർ, മൾട്ടി പാരാ മോണിറ്റർ സംവിധാനം, ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് ഐ.സി.യുവിൽത്തന്നെ ഡയാലിസിസിന് ആർ.ഒ പ്ലാന്റ് എന്നിവയുമുണ്ട്. എക്‌സ്റ്റേണൽ മോണിറ്റർ സംവിധാനം, 24 മണിക്കൂറും ലഭ്യമാകുന്ന നെഫ്രോളജിസ്റ്റ്, കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, അനസ്‌തേഷ്യോളജിസ്റ്റ്, പൾമണോളജിസ്റ്റ്, ഫിസിഷ്യൻ എന്നിവരടങ്ങിയ ക്രിട്ടിക്കൽ കെയർ ടീമിന്റെ സേവനവും ഇവിടെ ലഭ്യമാണ്. പ്ലാസ്മ ശേഖരണവുമായി ബന്ധപ്പെട്ട് ബ്ലഡ് ബാങ്കിൽ സ്ഥാപിച്ച പ്ലാസ്മ ഫെറസിസ് മെഷീൻ വഴി പ്ലാസ്മ തെറാപ്പി ഫലപ്രദമായി ചെയ്യാം. ഇതുവരെ എട്ട് പേർക്കാണ് തെറാപ്പി ലഭ്യമാക്കിയത്.