maranam

കൊല്ലം: ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശിനിയായ അസുമാ ബീവി (73) ബുധനാഴ്ച രാത്രി മരിച്ചതോടെ ജില്ലയിലെ കൊവിഡ് മരണം ആറായി.

പ്രമേഹം അടക്കമുള്ള രോഗങ്ങളുള്ള അസുമാ ബീവിയുടെ ആരോഗ്യനില ബുധനാഴ്ച വൈകിട്ടോടെ വഷളായി. രാത്രി എട്ടോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു.

ഈമാസം 18നാണ് അസുമാ ബീവിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ ദിവസം തന്നെ മകനും രണ്ട് കൊച്ചുമക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊച്ചുമക്കൾ രണ്ട് ദിവസം മുൻപ് രോഗമുക്തരായി. മകൻ ഇപ്പോഴും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

മത്സ്യവ്യാപാരികളിൽ നിന്നാണ് ആസുമാ ബീവിക്കും കുടുംബത്തിനും കൊവിഡ് പകർന്നതെന്ന് കരുതുന്നു. ഇവരുടെ കബറടക്കം തലച്ചിറ ജുമാ മസ്ജിദിൽ നടന്നു.

കാവനാട് സ്വദേശിയായ മത്സ്യത്തൊഴിലാളി, ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ മയ്യനാട് സ്വദേശിയായ മദ്ധ്യവയസ്കൻ, ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പള്ളിമൺ സ്വദേശിയായ വയോധിക, വാളത്തുംഗൽ സ്വദേശിയായ വയോധികൻ, കുലശേഖരപുരം സ്വദേശിയായ മദ്ധ്യവയസ്ക എന്നിവരാണ് നേരത്തേ മരിച്ചവർ. ഇതിൽ കാവനാട്, പള്ളിമൺ, കുലശേഖരപുരം സ്വദേശികൾക്ക് മരിച്ചതിന് ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.