പൂച്ചയും പട്ടിയുമൊക്കെ നല്ല ഭംഗിയും കൗതുകവുമുള്ള ജീവികളാണ്. അതുകൊണ്ടാണ് ഓമനകളായി അവർ നമ്മുടെ വീടുകളിൽ വിലസുന്നത്. എന്നാൽ, ഒറ്റനോട്ടത്തിൽ ആരും പേടിച്ച് പോകുന്ന മുഖഭാവമുള്ള ഒരുതരം പൂച്ചകളുണ്ട്, സ്വിറ്റ്സർലൻഡിൽ. പേര് ഷെർദാൻ എന്നാണ്. ലോകത്തിലെ ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ചകളാണ് ഷെർദാൻ. സ്‌പി ൻക്‌സ് ഇനത്തിൽപ്പെട്ട പൂച്ചയാണ് ഇവ. സ്‌പിൻക്‌സ് പൂച്ചകൾ സ്വിറ്റ്സർലൻഡിൽ നിരവധിയുണ്ട്. സ്വിറ്റ്സർലൻഡ് സ്വദേശിനിയായ സാന്ദ്ര ഫിലിപ്പിയുടെ വളർത്തു പൂച്ചയാണ് ഷെർദാൻ. ഒരിക്കൽ ഒരു യാത്രക്കിടയിലാണ് സാന്ദ്ര വളരെ ചെറിയ കുട്ടിയായിരുന്ന ഷെർദാനെ കണ്ടത്. കൗതുകവും ഇഷ്ടവും ഒരുമിച്ചു തോന്നിയ സാന്ദ്ര അവനെ വളർത്താൻ തീരുമാനിച്ചു. സ്‌പിൻക്‌സ് പൂച്ചയാണ് എന്നറിഞ്ഞുകൊണ്ടു
തന്നെയാണ് വളർത്താൻ എടുത്തത്. വലിയ ചെവികളും വലിയ കണ്ണുകളുമാണ് ഇവയ്ക്ക്, മാത്രമല്ല ഇവയുടെ ദേഹത്ത് രോമം ഉണ്ടായിരിക്കുകയില്ല. ഇളം റോസ് നിറത്തിലുള്ള ചർമാവരണം ആയിരിക്കും ഉണ്ടാകുക. ഒറ്റനോട്ടത്തിൽ പന്നികുട്ടിയുടെ ശരീരം പോലെതോന്നും. ഷെർദാന്റെ ശരീരത്തിൽ ചുളിവുകൾ വളരെ കൂടുതലാണ്. ഷെർദാന്റെ ശരീരത്തെ ചുളിവുകൾ മാത്രമല്ല ഭയപ്പെടുത്തുന്നത് അവന്റെ നോട്ടവും ആരെയും ഭയപ്പെടുത്തും. ഷെർദാൻ വളരുന്തോറും ആളുകളിൽ ഭയവും കൂടും. വളരുന്തോറും തീഷ്ണ ഭാവവും തൊലിപ്പുറത്തെ ചുളിവുകളും വർധിച്ചുവരുന്നുവെന്നതാണ് ഇതിന് കാരണം.
വീട്ടിൽ വരുന്ന ആളുകൾക്ക് ഷെർദാനെ കാണുമ്പോൾ തന്നെ ഭയമാകാൻ തുടങ്ങിയെന്നും അവർ കരുതുന്നതു പോലെ ഒരു പ്രശ്നക്കാരൻ പൂച്ചയല്ല അവനെന്നുമാണ് സാന്ദ്ര പറയുന്നത്. വീട്ടുകാരുമായി ഏറെ ചങ്ങാത്തം കൂടാൻ ആഗ്രഹിക്കുന്ന, കുട്ടികളുമായി കളിക്കുന്ന, കൊഞ്ചലും വാശിയുമുള്ള നല്ല ഉഷാറുള്ള പൂച്ചകുട്ടനാണ് ഷെർദാൻ. തന്റെ ഓമനയെ ആളുകൾ ഭയത്തോടെ നോക്കുന്നതിൽ സാന്ദ്രക്കും വിഷമം ഉണ്ട്. അടുത്തിടെ ഷെർദാന്റെ ഒരു വീഡിയോ ട്വിറ്ററിൽ സാന്ദ്ര പങ്കു വച്ചിരുന്നു. അതോടെയാണ് ഷെർദാൻ ലോകശ്രദ്ധ നേടിയത്.