കരുനാഗപ്പള്ളി :കൊവിഡ് 19 നെ തളയ്ക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുകയാണ് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ. പ്രതിസന്ധിയെ സാദ്ധ്യതകളാക്കി മാറ്റി മുന്നോട്ടു കുതിക്കുന്ന പ്രവത്തനങ്ങളാണ് താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തുന്നത്. കൊവിഡ് പിടിമുറുക്കിയ ആദ്യ നാളുകളിൽ തന്നെ ഗ്രന്ഥശാലാ പ്രവർത്തകർക്ക് മഹാമാരിയെ നേരിടുന്നതിനുള്ള പരിശീലനം നൽകി. 1000 സാനിറ്റൈസറുകളും 5000 മാസ്കും നിർമ്മിച്ചു നൽകിയതൊടൊപ്പം ബ്രേക്ക് ചെയിൻ കാമ്പയിന്റെ ഭാഗമായി 100 ഹാൻഡ് വാഷിംഗ് സെന്ററുകളും 100 സാനിറ്റൈസർ ബൂത്തുകളും വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. കൊവിഡ് രോഗികളുടെ വിരസത അകറ്റാനായി നിരീക്ഷണ കേന്ദ്രങ്ങളിൽ പുസ്തകങ്ങൾ എത്തിക്കുകയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 100 പുസ്തകവണ്ടികൾ വഴിയോരങ്ങളിൽ സഞ്ചരിച്ച് വായനക്കാർക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു. ലോക്ക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടിലായ 5231 കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 100 കൃഷിയിടങ്ങളൊരുക്കി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമേർപ്പെടുത്തുവാൻ 102 ടെലിവിഷനുകൾ വിതരണം ചെയ്തു. അക്ഷരം കൂട്ട് ക്യാമ്പയിൻ വഴി 2000 പുസ്തകങ്ങൾ ശേഖരിച്ച് കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൈമാറി. കൂടാതെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലെ രോഗികളുടെ വിനോദത്തിനായി ചെസ് ബോർഡുകൾ, കാരം ബോർഡുകൾ, വർത്തമാന പത്രങ്ങൾ, ആനുകാലികങ്ങൾ, എഫ്.എം. റേഡിയോകൾ എന്നിവ നൽകി.കൊവിഡിനു ശേഷം ഇനിയെന്ത് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സംവാദത്തിൽ 15000 പേർ പങ്കെടുത്തു. കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടഞ്ഞ് സമൂഹത്തെ രോഗവിമുക്തമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് താലൂക്ക് ഗ്രസ്ഥശാലയും തങ്ങളുടേതായ പങ്ക് നിർവഹിക്കുകയാണെന്ന് പ്രസിഡന്റ് അഡ്വ: പി.വി.ശിവനും, സെക്രട്ടറി വി.വിജയകുമാറും പറഞ്ഞു.