മത്സ്യബന്ധനത്തിന് അനുമതി
കൊല്ലം: അടുത്തമാസം അഞ്ച് മുതൽ കർശന നിബന്ധനകളോടെ ജില്ലയിലെ ഹാർബറുകൾ തുറക്കും. ഇന്നലെ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഏതെങ്കിലും തീരത്ത് കൊവിഡ് വ്യാപനമുണ്ടായാൽ അപ്പോൾ തന്നെ ആ മേഖലയിൽ മത്സ്യബന്ധനം നിരോധിക്കും.
ട്രോളിംഗ് നിരോധനം അവസാനിക്കുന്ന ഇന്ന് അർദ്ധരാത്രി മുതൽ ബോട്ടുകൾ കടലിലേക്ക് കുതിക്കേണ്ടതായിരുന്നു. ജില്ലയിലേതടക്കം പല തീരമേഖലകളിലും കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹാർബറുകൾ തുറക്കുന്നത് അടുത്തമാസം അഞ്ചിലേക്ക് നീട്ടിയത്. ഓരോ ഹാർബറിലെയും മത്സ്യത്തൊഴിലാളികളുമായി പൊലീസും ഫിഷറീസ് വകുപ്പും നിയന്ത്രണങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും. ജില്ലയുടെ തീരത്ത് കൊവിഡ് വ്യാപന ഭീഷണി ഉയർന്നതോടെ ഈമാസം ആറിനാണ് ജില്ലയിൽ പൂർണമായും മത്സ്യബന്ധനം നിരോധിച്ചത്.
അന്യസംസ്ഥാനക്കാർ 250 പേർ
ഇതുവരെ എത്തിയ 250 അന്യസംസ്ഥാന തൊഴിലാളികളെ മാത്രമേ മത്സ്യബന്ധനം പുനരാരംഭിക്കുമ്പോൾ ബോട്ടിൽ പോകാൻ ആനുവദിക്കുകയുള്ളു. സാധാരണ 3,000 അന്യസംസ്ഥാന തൊഴിലാളികൾ ശക്തികുളങ്ങരയിൽ നിന്ന് മാത്രം ബോട്ടിൽ പോകുന്നതാണ്. ഇതിൽ ഭൂരിഭാഗവും തമിഴ്നാട്ടുകാരാണ്.
കർശന നിയന്ത്രണങ്ങൾ
1. ബോട്ടിൽ പോകുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് പരിശോധന
2. പുറപ്പെടുന്ന കേന്ദ്രങ്ങളിലെ രജിസ്റ്ററിൽ മത്സ്യത്തൊഴിലാളികളുടെ പേര് രേഖപ്പെടുത്തണം
3. പുറപ്പെടുന്ന കേന്ദ്രത്തിൽ തന്നെ വള്ളങ്ങളും ബോട്ടുകളും അടുപ്പിക്കണം
4. ഹാർബറുകളിൽ ചില്ലറ വിൽപ്പന അനുവദിക്കില്ല
5. ലേലം ഉണ്ടാകില്ല, ഹാർബർ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിക്കുന്ന വിലയ്ക്കാകും വിൽപ്പന
6. രജിസ്ട്രേഷൻ നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലേ മത്സ്യബന്ധനം അനുവദിക്കൂ
7. വള്ളങ്ങളിലും ബോട്ടുകളിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കണം
8. ഹാർബറുകളിൽ സ്വകാര്യ വ്യക്തികളെ പ്രവേശിപ്പിക്കില്ല
9. തൊഴിലാളികളുടെ ശരീരോഷ്മാവ് ആരോഗ്യവകുപ്പ് സ്ഥിരമായി പരിശോധിക്കും
10. ഉമിനീര് അന്തരീക്ഷത്തിൽ കലരുമെന്നതിനാൽ ഉച്ചത്തിൽ സംസാരം പാടില്ല
ആകെ വള്ളങ്ങൾ: 2,000
സജീവമായുള്ള ബോട്ടുകൾ: 1,000
ശക്തികുളങ്ങരയിൽ: 750
അഴീക്കലിൽ: 250
കടൽത്തീരമേഖലയിലെ ജനസംഖ്യ: 93,022
''
ഇന്ന് മുതൽ കീറിയ വലകൾ കണ്ണിചേർക്കുന്നതിനൊപ്പം ബോട്ടുകളുടെ അറ്റകുറ്റപ്പണിയും തുടങ്ങും. ഹാർബറുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നതിനാൽ പണികൾ ആരംഭിച്ചിരുന്നില്ല.
ബോട്ടുടമകൾ