ആദ്യ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷിക്കാൻ അവസരം
കൊല്ലം: ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ആദ്യ ഘട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്ന് മുതൽ പതിനാലുവരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടാണ് പരിഗണിക്കുക.
2020 ജൂലായ് ഒന്നിന് മുമ്പ് റേഷൻ കാർഡ് എടുത്തവരും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകരുടെ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയായിരിക്കണം. പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് നിബന്ധനകളിൽ ഇളവുണ്ട്. പഞ്ചായത്തുകളിലും നഗസരസഭകളിലും ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളുടെ സൂക്ഷ്മ പരിശോധനകൾക്ക് ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും.
ഗ്രാമപഞ്ചായത്ത് തലത്തിലുള്ള പരാതികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികൾ അതാത് നഗരസഭാ സെക്രട്ടറിമാർക്കും നൽകാം. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീൽ ജില്ലാ കളക്ടറാണ് പരിഗണിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരവും ഗ്രാമസഭകളുടെ അംഗീകാരവും വാങ്ങി സെപ്തംബർ 26ന് പട്ടിക അംഗീകരിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്.ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ മുന്നിൽ പ്രത്യേക ഹെൽപ്പ് ഡെസ്ക് സജ്ജമാക്കും.
ജില്ലയിൽ പൂർത്തീകരിച്ചത് 16,206 വീടുകൾ
ലൈഫ് പദ്ധതിയിലൂടെ മൂന്ന് വർഷത്തിനിടെ ജില്ലയിൽ പൂർത്തീകരിച്ചത് 16,206 വീടുകൾ. പ്രാധാനമന്ത്രി ആവാസ് യോജനയുടെ നഗര - ഗ്രാമീണ പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 5,377 വീടുകൾ ഉൾപ്പെടെയാണിത്.
ജില്ലയിലെ 68 പഞ്ചായത്തുകളിലായി 11,620, പരവൂർ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിലിപ്പാലിറ്റികളിലായി 2,048, കൊല്ലം നഗരസഭയിൽ 2,538 എന്നിങ്ങനെയാണ് വീടുകളുടെ കണക്ക്. വിവിധ പദ്ധതികൾ പ്രകാരം നിർമ്മാണം ആരംഭിച്ച് പാതിവഴിയിൽ നിലച്ച വീടുകളാണ് ആദ്യം പൂർത്തീകരിച്ചത്. ഭൂമിയുള്ള ഭവനരഹിതർക്ക് പഞ്ചായത്തുകൾ മുഖേനെ ധനസഹായം നൽകിയായിരുന്നു രണ്ടാം ഘട്ടം. നാലുലക്ഷം രൂപ വരെയാണ് വീട് നിർമ്മാണത്തിന് അനുവദിച്ചത്. വീടും വസ്തുവും ഇല്ലാത്തവർക്കുള്ള ഭവന സമുച്ചയമാണ് മൂന്നാം ഘട്ടത്തിൽ.
നടപടികൾ ഇങ്ങനെ
1. ഓൺലൈൻ അപേക്ഷ സ്വീകരിക്കൽ ആഗസ്റ്റ് 1- 14 വരെ
2. അപേക്ഷകരുടെ പട്ടിക 17ന് പ്രസിദ്ധീകരിക്കും
3. ഫീൽഡ് തല പരിശോധന 21 വരെ
4. കരട് പട്ടിക ആഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കും
5. ഒന്നാം അപ്പീൽ 22- 27 വരെ സമർപ്പിക്കാം
6. ഒന്നാം അപ്പീൽ തീർപ്പാക്കൽ സെപ്തംബർ 9 വരെ
7. രണ്ടാം അപ്പീൽ സമർപ്പണം സെപ്തംബർ 11 മുതൽ 19 വരെ
8. രണ്ടാം അപ്പീൽ തീർപ്പാക്കൽ സെപ്തംബർ 26
9. ഗ്രാമസഭ -വാർഡ് സഭ അംഗീകാരം സെപ്തംബർ 26
10. അന്തിമ അംഗീകാരവും ലിസ്റ്റ് പ്രസിദ്ധപ്പെടുത്തലും സെപ്തംബർ 30