bike

കൊല്ലം: കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള റോഡുകൾ അടച്ചപ്പോൾ റെയിൽവേ ട്രാക്കിലൂടെ സാഹസിക ബൈക്ക് യാത്ര നടത്തിയ യുവാക്കൾ ആർ.പി.എഫ് മുമ്പാകെ കീഴടങ്ങി. ബൈക്ക് ഓടിച്ചിരുന്ന ക്ളാപ്പന സ്വദേശി അനീഷ് (19), ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓച്ചിറ സ്വദേശി രഞ്ജുരമേഷ് (19) എന്നിവരാണ് കായംകുളം ആർ.പി.എഫ് ഓഫീസിൽ കീഴടങ്ങിയത്.

റെയിൽവേ ആക്ട് 154, 147 വകുപ്പുകൾ പ്രകാരമുള്ള കേസിൽ പ്രതിയായ ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായി ആ‌ർ.പി.എഫ് എസ്.ഐ രജനി അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കരുനാഗപ്പള്ളി വവ്വക്കാവ് റെയിൽവേ ഗേറ്റിൽ നിന്ന് കടത്തൂർ ശാസ്താംപൊയ്ക കനാൽഗേറ്റ് വരെയാണ് ഇവർ ബൈക്കിൽ സാഹസികയാത്ര നടത്തിയത്.

രജിസ്ട്രേഷൻ നമ്പരനുസരിച്ച് ബൈക്ക് ഉടമയായ പന്മന സ്വദേശിയെ ആർ.പി.എഫ് അന്വേഷിച്ചെങ്കിലും ബൈക്ക് രണ്ട് മാസം മുമ്പ് ക്ളാപ്പന സ്വദേശിക്ക് വിറ്റതായി ഇയാൾ അറിയിച്ചു. റെയിൽവേ ട്രാക്ക് വഴി ബൈക്കിൽ പറക്കുന്ന യുവാക്കളുടെ വീഡിയോയും ഫോട്ടോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും വാർത്തയാകുകയും ചെയ്തതോടെ ഭയന്നുപോയ ഇരുവരും ഇന്നലെ കീഴടങ്ങുകയായിരുന്നു. ബൈക്ക് കോടതിയിൽ ഹാജരാക്കിയതായി ആർ.പി.എഫ് അറിയിച്ചു.