കൊല്ലം : മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആഗസ്റ്റ് ഒന്ന് മുതൽ നടപ്പാക്കുന്ന നിർദ്ദിഷ്ട കപ്പൽപ്പാത കേരള തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലേക്ക് കൂടിയാക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു.
നിർദ്ദിഷ്ട കപ്പൽപ്പാത കേരള തീരത്തിനരികിലൂടെ നടപ്പാക്കുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന് രണ്ടാമത്തെ നിവേദനം നൽകുന്നതിന് വിളിച്ച് ചേർത്ത വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വന്നപ്പോൾ തന്നെ സംസ്ഥാനത്തിന്റെ ആശങ്ക മത്സ്യത്തൊഴിലാളികളുടെ യോഗം വിളിച്ചു ചേർത്ത് പൊതു അഭിപ്രായമായി കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. 2018 നവംബർ 22ന് തന്നെ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് പ്രത്യേകം തയ്യാറാക്കിയ നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ കേരളത്തിന്റെ അഭിപ്രായങ്ങൾ വേണ്ട രീതിയിൽ പരിഗണിക്കാതെയാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോയതെന്നും അവർ വ്യക്തമാക്കി.
കപ്പൽപ്പാത ദൂരേയ്ക്ക് മാറുമ്പോൾ മാത്രമേ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് സുഗമമായ മത്സ്യബന്ധനത്തിനുള്ള സ്ഥലം ലഭിക്കുകയുള്ളൂ. കേരളത്തിൽ ലഭിക്കുന്ന മത്സ്യത്തിന്റെ 90 ശതമാനവും 50 നോട്ടിക്കൽ മൈലിനുള്ളിൽ നിന്നാണ്. ഇക്കാര്യങ്ങളും ഇന്ന് നടന്ന യോഗത്തിലെ ചർച്ചാ വിഷയങ്ങളും കോർത്തിണക്കി ഒരു നിവേദനം കൂടി കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് കൂട്ടായി ബഷീർ, കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് പീറ്റർ, ജനറൽ സെക്രട്ടറി ജാക്സൺ പൊള്ളയിൽ, ആൾ കേരള ബോട്ട് അസോസിയേഷൻ പ്രതിനിധികളായ ജോസഫ് സേവിയർ കളപ്പുരയ്ക്കൽ, ഉമ്മൻ ഓട്ടുമ്മൻ (എസ്.ടി.യു.), ശിവദാസ് (ജനതാ മത്സ്യത്തൊഴിലാളി യൂണിയൻ), പുല്ലുവിള സ്റ്റാൻലി (കേരള സംസ്ഥാന അനുബന്ധ മത്സ്യത്തൊഴിലാളി യൂണിയൻ), ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.