തഴവ : ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തഴവയിൽ വീണ്ടും ആശങ്ക. കുന്നത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഓഫീസ് അറ്റൻഡറായ പാവുമ്പ സ്വദേശിനിയ്ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കുറച്ച് ദിവസം മുമ്പ് കുന്നത്തൂരിൽ ആരോഗ്യ പ്രവർത്തയ്ക്ക് രോഗബാധയുണ്ടായതിനെ തുടർന്ന് സമ്പ‌ർക്കമുണ്ടായിരുന്ന സഹപ്രവർത്തകർ ആന്റിജൻ പരിശോധന നടത്തിയെങ്കിലും ആർക്കും പൊസിറ്റീവായിരുന്നില്ല. പിന്നീട് പനിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് പാവുമ്പ പാലമൂട് വാർഡുകാരിയായ ഇവർ ശൂരനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സ്വമേധയാ സ്രവപരിശോധനയ്ക്ക് വിധേയയാകുകയായിരുന്നു. ഇന്നലെ ഫലം അറിവായപ്പോഴാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. കുന്നത്തൂരിൽ ഡ്യൂട്ടിയിൽ തുടരുമ്പോഴാണ് കൊവിഡ് ഫലം അറിവായത്. പോസറ്റീവാണെന്ന് അറിഞ്ഞതോടെ പിപിഇ കിറ്റ് അണിയിച്ച് പ്രത്യേക ആംബുലൻസിൽ കുന്നത്തൂരിൽ നിന്ന് ഇവരെ പാവുമ്പയിലെ വീട്ടിലെത്തിക്കുകയായിരുന്നു. ഭർത്താവും രണ്ട് കുട്ടികളുമുള്ള ഇവരെ വീട്ടിലെത്തി ഏറെ നേരം കഴിഞ്ഞ് മറ്റൊരു ആംബുലൻസെത്തിയാണ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ച ജീവനക്കാരിയെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് പകരം വീട്ടിലെത്തിച്ച് മടങ്ങിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇവർക്ക് ജോലിക്കിടെ സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടായതാകാമെന്നാണ് കരുതുന്നതെങ്കിലും ഉറവിടം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം രോഗബാധിതയായ ഇവരുടെയും ഭർത്താവിന്റെയും സമ്പ‌ർക്കപ്പട്ടിക വിപുലമായത് പാവുമ്പയെ ആശങ്കയിലാക്കിയിട്ടുണ്ട്. അയൽക്കാരും ബന്ധുക്കളുമായി അടുത്ത് ഇടപഴകിയതിന് പുറമേ പനിയ്ക്ക് ചികിത്സതേടി ഇവർ മണപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിയിരുന്നു. ഇവർ ചികിത്സയ്ക്കെത്തിയ ദിവസം ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും രോഗികളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇവരുമായി സമ്പ‌ർക്കമുണ്ടായിരുന്ന ജീവനക്കാരെ ക്വാറന്റൈനിലാക്കി. ഓഫീസും ഇവരുടെ സാന്നിദ്ധ്യമുണ്ടായിരുന്ന സ്ഥലങ്ങളും അണുവിമുക്തമാക്കി. പാവുമ്പയിലും നാളെ അണിനശീകരണ പ്രവർത്തനങ്ങൾ നടക്കും. ഡൽഹിയിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞയാൾ കൊവിഡ് പോസിറ്റീവായി ചികിത്സ തുടരുന്നതിനിടെയാണ് അതേ വാർഡിൽ തന്നെ ആരോഗ്യവകുപ്പ് ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചത്.

കടത്തൂരിൽ 98 പേർക്ക് നെഗറ്റീവ്

തഴവപഞ്ചായത്തിൽ രണ്ട് വീടുകളിലായി ഏഴുപേർക്ക് രോഗബാധയുണ്ടായ കടത്തൂരിൽ ഇന്നലെ സ്രവപരിശോധനയ്ക്ക് വിധേയരായ 98 പേരും നെഗറ്റീവായത് ഇതിനിടെ ആശ്വാസ വാർത്തയായി. രോഗം സ്ഥിരീകരിച്ച കുടുംബങ്ങളുടെ പ്രാഥമിക സമ്പ‌ർക്ക പട്ടികയിലുള്ളവരായിരുന്നു ഇവ‌ർ. പുതിയകേസുകളൊന്നും ഇവിടെനിന്ന് റിപ്പോർട്ടായിട്ടില്ലെങ്കിലും കടത്തൂരും പരിസരപ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഏതാനും ദിവസം കൂടി തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.