രക്ഷകരായി പൊലീസും വെറ്ററിനറി ഡോക്ടർമാരും
കൊല്ലം: ട്രെയിനടിയിൽപ്പെട്ട് കൈകൾ അറ്റുപോയി 24 മണിക്കൂറിലേറെ വേദന സഹിച്ചുകിടന്ന നായയെ ജീവിതത്തിലേക്ക് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ജില്ലാ വെറ്ററിനറി കേന്ദ്രം. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന് മുന്നിലെ റെയിൽവേ ട്രാക്കിലാണ് നായ അപകടത്തിൽപ്പെട്ടത്. നേത്രാവതി എക്സ്‌പ്രസിന് മുന്നിൽപ്പെടാതെ രക്ഷപ്പെടാൻ നായ ശ്രമിച്ചെങ്കിലും കൈകൾ രണ്ടും തീവണ്ടിക്കടിയിൽ കുടുങ്ങി അറ്റുപോയി.
കമ്മിഷണർ ഓഫീസിന് സമീപം തട്ടുകട നടത്തിയിരുന്ന മദ്ധ്യവയസ്കനായിരുന്നു നായയ്ക്ക് ഭക്ഷണം നൽകിയിരുന്നത്. നായ അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞതോടെ ഇദ്ദേഹം പൊലീസിനെ അറിയിച്ചു. തുടർന്ന് സിറ്റി പൊലീസ് ജില്ലാ വെറ്ററിനറി കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടു. ഇതനുസരിച്ച് എസ്.പി.സി.എയുടെ ആംബുലൻസിൽ മെഡിക്കൽ സംഘമെത്തി. നായ മെഡിക്കൽ സംഘത്തോട് ശൗര്യം കാട്ടിയതോടെ അനസ്തേഷ്യ നൽകി. പിന്നീടാണ് പ്രഥമ ശുശ്രൂഷകൾ നൽകാനായത്. തുടർന്ന് ആംബുലൻസിൽ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച് കെമുട്ടുകൾ മുകളിൽ വച്ച് മുറിച്ചുമാറ്റുന്ന ആംപ്യൂട്ടേഷൻ ശസ്ത്രക്രിയ നടത്തി.
തലച്ചോറിനും അന്തരികാവയവങ്ങൾക്കും ക്ഷതമുള്ളതായി എക്സ്റേ പരിശോധനയിൽ കണ്ടെത്തിയതിനാൽ നായയെ എമർജൻസി ട്രോമ കെയർ യൂണിറ്റിൽ 24 മണിക്കൂർ നിരീക്ഷണത്തിലാക്കി. സീനിയർ വെറ്ററിനറി സർജൻമാരായ ഡോ.ഡി. ഷൈൻകുമാർ, ഡോ.ബി. അജിത്ത് ബാബു, ട്രാഫിക് സബ് ഇൻസ്പക്ടർ ടി.പ്രദീപ്, ജില്ലാ ക്രൈം ബ്രാഞ്ച് സബ് ഇൻസ്പക്ടർ എച്ച്. ഷാനവാസ്, ഡോ. നിജിൻ ജോസ്, സീനിയർ ഇൻസ്പക്ടർ എസ്. റിജു എന്നിവർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.