ചാത്തന്നൂർ: രണ്ട് ദിവസം തുടർച്ചയായി പെയ്ത മഴയിൽ ചിറക്കര ഗ്രാമ പഞ്ചായത്തിലെ കുഴുപ്പിൽ ഏലായിൽ നെൽക്കൃഷി നശിച്ചു. ശക്തമായ കാറ്റിലും മഴയിലും ഏലാ നടത്തോടിന്റെ ബണ്ട് പൊട്ടിയതാണ് കൃഷി ഭാഗികമായി നശിക്കാൻ കാരണം. ഏലാ തോടുകളുടെ ഇരുവശങ്ങളിലെയും കൈയേറ്റം മൂലം ഇടത്തോട് അരമീറ്ററായി ചുരുങ്ങിയതോടെയാണ് വെള്ളം ഒഴുകിപ്പോകാനാകാതെ ബണ്ട് പൊട്ടിയത്. പുത്തൻകുളം ഏലായിലെ വെള്ളം ചിറക്കരത്താഴം വെട്ടുതോട്, കുഴുപ്പിൽ ഏലാ ഇടത്തോട് എന്നിവിടങ്ങളിലൂടെയാണ് പോളച്ചിറയിൽ എത്തുന്നത്. ഏകദേശം ഒന്നര കിലോമീറ്റർ നീളമുള്ള കുഴുപ്പിൽ ഏലാ ഇടത്തോട് കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.