mazha

കൊല്ലം: ഒരിടവേളയ്ക്ക് ശേഷം ആർത്തലച്ചെത്തിയ പെരുമഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രിയിലും തുടരുകയാണ്. ഇടയ്ക്ക് വെയിലുദിച്ചെങ്കിലും മഴക്കാറൊഴിയുന്നില്ല. കിഴക്കൻ മേഖലയിൽ കനത്ത മഴയ്ക്കൊപ്പം ചില പ്രദേശങ്ങളിൽ ചെറിയ തോതിൽ മണ്ണിടിച്ചിലുമുണ്ടായി. വനത്തിലുൾപ്പെടെ കനത്ത മഴ ലഭിച്ചു. വീടുകൾക്കും വൈദ്യുതി തൂണുകൾക്കും മുകളിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണും വലിയ തോതിൽ നാശനഷ്ടമുണ്ടായി. വ്യാപകമായി മരം വീണതോടെ കൊല്ലം നഗരത്തിലുൾപ്പെടെ പല മേഖലകളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ മണിക്കൂറുകളെടുത്തു. ഇന്നലെ രാവിലെ പതിനൊന്നോടെ കൊല്ലം ക്യു.എ.സി റോഡിൽ കൂറ്റൻ മരം വൈദ്യുതി തൂണിന് മുകളിലേക്ക് മറിഞ്ഞു. റോഡിന് കുറുകെ ഇലക്ട്രിക് കമ്പികൾ ഒടിഞ്ഞ് വീണതിനാൽ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. കനത്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്.