കൊല്ലം: കടം വാങ്ങിയ പണം കൊണ്ട് വാങ്ങി വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ഒന്നരലക്ഷം രൂപ വില വരുന്ന ഏരുമയെ നേരം പുലർന്നപ്പോൾ കാണാനില്ല. ചാത്തിനാംകുളം അനുഗ്രഹ നഗർ 19 ഷജീന മൻസിലിൽ നൗഷാദിന്റെ വീട്ടിൽ നിന്നാണ് ഏരുമയെ മോഷ്ടിച്ചത്.
ഇറച്ചിവ്യാപാരിയായ നൗഷാദ് രണ്ട് മാസം മുൻപ് 1,40,000 രൂപയ്ക്കാണ് ഹരിയാന ക്രോസ് ഇനത്തിൽപ്പെട്ട എരുമയെ വാങ്ങിയത്. ജീവനോടെ തൂക്കിയാൽ ഏകദേശം 800 കിലോ തൂക്കമുണ്ടാകും. 350 കിലോ ഇറച്ചികിട്ടും. നേരത്തെ വാങ്ങിനിറുത്തിയിരുന്ന രണ്ട് പോത്തുകളെ രണ്ട് ദിവസം മുൻപ് വിറ്റിരുന്നു. കൊവിഡായതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇപ്പോൾ മാടുകളുടെ വരവ് കുറവാണ്.
വീട്ടിൽ നിന്ന് അഴിച്ചുകൊണ്ട് പോയ ശേഷം ലോറിയിൽ കയറ്റിക്കൊണ്ടുപോയെന്നാണ് സംശയം. പുലർച്ചെ രണ്ടിന് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു.
250 മീറ്റർ അപ്പുറത്തെ സി.സി ടി.വി കാമറയിൽ നിന്ന് എയ്സ് ലോറിയിൽ ഏരുമയെ കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ സംഘത്തിലുണ്ടെന്നാണ് സംശയം. രണ്ട് ആഴ്ച മുൻപ് മേക്കോണിൽ നിന്നും രണ്ട് പോത്തുകൾ മോഷണം പോയിരുന്നു. കിളികൊല്ലൂർ പൊലീസ് കേസെടുത്തു.