hospital

കൊല്ലം: കൊവിഡ് ഫലം നെഗറ്റീവായവർക്കും കണ്ടെയ്ൻമെന്റ് സേണിൽ നിന്ന് വരുന്നവർക്കും സ്വകാര്യ ആശുപത്രികളിൽ കിടത്തി ചികിത്സയും തുടർ ചികിത്സയും നിഷേധിക്കുന്നതായി പരാതി. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉയരുന്നത്. പലയിടത്തും എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികൾ വിളിച്ചു പറഞ്ഞിട്ടും മറ്റ് രോഗങ്ങളുള്ളവരെ കിടത്തി ചികിത്സിക്കാൻ സ്വകാര്യ ആശുപത്രികൾ തയ്യാറാവുന്നില്ല. ജില്ലയിലെ 32 തദ്ദേശ സ്ഥാപനങ്ങൾ പൂർണമായും മറ്റുള്ളവ ഭാഗികമായും കണ്ടെയ്ൻമെന്റ് സോണിലാണ്. കൊവിഡ് രോഗമില്ലാത്ത നൂറുകണക്കിനാളുകളാണ് അടിയന്തര ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. രോഗികളുടെ സ്ഥലം കണ്ടെയ്ൻമെന്റ് സോണിലായാൽ ചികിത്സ നൽകാൻ പറ്റില്ലെന്ന നിലപാടാണ് പല സ്വകാര്യ ആശുപത്രികൾ സ്വീകരിക്കുന്നത്.
വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരെപ്പോലും കിടത്തി ചികിത്സിക്കാൻ സ്വകാര്യ ആശുപത്രികൾ തയ്യാറാകുന്നില്ല. കണ്ടെയ്ൻമെന്റ് സേണിൽ നിന്ന് വരുന്നവരെ ചികിത്സിക്കേണ്ടെന്ന് സർക്കാർ നിർദ്ദേശമുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.