കൊല്ലം: കൊവിഡിന്റെ ദുരിതപ്പെയ്ത്തിൽ കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റിലെ ബക്രീദ് സന്തോഷങ്ങൾ മങ്ങി. ഇന്നലെയും രണ്ടുപേർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 19ന് ഉച്ചയോടെയാണ് മുസ്ളീം സ്ട്രീറ്റിൽ രോഗ വ്യാപനമുണ്ടായത്. അന്നുരാത്രിയോടെ 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിനങ്ങളിലും കൂടുതൽപേർക്ക് പോസിറ്റീവായതോടെ മുസ്ളീം സ്ട്രീറ്റ് സമ്പൂർണ അടച്ചുപൂട്ടലിലെത്തി. ഇതിനിടയിലാണ് ബക്രീദെത്തുന്നത്. രാവിലെ മുതൽ ഇറച്ചി വിൽപ്പന കേന്ദ്രങ്ങൾ കൂടുതൽ തുറക്കാൻ പദ്ധതിയിട്ടെങ്കിലും പൊലീസും ആരോഗ്യ വകുപ്പും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ആവശ്യമുള്ളവർക്ക് ഇറച്ചി വീടുകളിലെത്തിയ്ക്കാനും സന്നദ്ധ പ്രവർത്തകർ സംവിധാനമൊരുക്കി. കടകമ്പോളങ്ങൾ മിക്കവയും അടഞ്ഞുകിടപ്പാണ്. രോഗം ബാധിച്ചവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് നെഗറ്റീവായി ആശുപത്രി വിട്ടത്. അതുകൊണ്ടുതന്നെ കുടുംബങ്ങളിൽ പെരുന്നാൾ സന്തോഷമില്ല. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് പള്ളികളിലും പെരുന്നാൾ നമസ്കാരം വേണ്ടെന്ന തീരുമാനത്തിലെത്തി. ആഘോഷങ്ങൾ ഒഴിവാക്കി വീടുകളിൽ ഒതുങ്ങുകയാണ് എല്ലാവരും.