abdhul-khadar-70

കൊല്ലം: മടത്തറയ്ക്ക് സമീപം നടപ്പാലത്തിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് തോട്ടിൽ വീണ് കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. കൊല്ലായിൽ ചല്ലിമുക്കിന് സമീപം എ.കെ.എസ് ദീൻഹൗസിൽ അബ്ദുൾ ഖാദറിന്റെ (70) മൃതദേഹമാണ് നടപ്പാലത്തിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകലെ ജവഹർ കോളനിക്ക് സമീപം തോട്ടിൽ പൊന്തിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടരയോടെ ബന്ധുക്കളും നാട്ടുകാരും ചേ‌ർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയ‌ർഫോഴ്സ് സംഘം മൃതദേഹം കടയ്ക്കൽ ഗവ. ആശുപത്രിയിലെത്തിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം കൊവിഡ് പരിശോധനാ ഫലം ലഭിച്ചശേഷം പോസ്റ്രുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. ഉച്ചകഴിഞ്ഞ് വീട്ടിലെത്തിച്ച മൃതദേഹം കൊല്ലായിൽ തെറ്റിക്കുന്ന് പള്ളിയിൽ കബറടക്കി.

വ്യാഴാഴ്ച രാവിലെ ഇലവുപാലത്തിലായിരുന്നു അപകടം. ഭാര്യ ജമീലാ ബീവിയുടെ മരണശേഷം ഇളയമകൻ നൗഷാദിനൊപ്പമായിരുന്നു താമസം. ഷിഹാബുദ്ദീൻ, സാഹിറ എന്നിവരാണ് മറ്റുമക്കൾ. മരുമക്കൾ: സുനീറാബീവി, നസീമ, കബീ‌ർ. കടയ്ക്കൽ പൊലീസ് കേസെടുത്തു.