വിജിലൻസ് പരിശോധന നിലച്ചത് തിരിച്ചടി
കൊല്ലം: ഓണമാസത്തിന്റെ തുടക്കത്തിൽ തന്നെ അവശ്യവസ്തുക്കൾക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് അമിതവില ഈടാക്കുന്നു. ലോക്ക് ഡൗൺ കാലത്തെ വിജിലൻസ് പരിശോധന അവസാനിച്ചതാണ് വീണ്ടും വില തോന്നുംപടിയാക്കിയത്. പഞ്ചസാരയ്ക്ക് കി.ഗ്രാമിന് അഞ്ചും മുളക്, മല്ലി എന്നിവയ്ക്ക് പത്തും പതിനഞ്ചും രൂപവരെയുമാണ് അധികം വാങ്ങുന്നത്.
പച്ചരി, മൈദ, റവ, ഗോതമ്പ് പൊടി, മുളക്, മല്ലി, ജീരകം, ശർക്കര, പഞ്ചസാര, പയർ, കടല, ഉഴുന്ന്, തുവര, വെളിച്ചെണ്ണ, മറ്റ് എണ്ണകൾ എന്നിവയ്ക്കും ലോക്ക് ഡൗൺ കാലത്തേക്കാൾ കൂടിയ വിലയാണ് ചില വ്യാപാരികൾ ഈടാക്കുന്നത്. അൺലോക്ക് വണ്ണിൽ ചരക്ക് വാഹനങ്ങൾക്കുള്ള നിയന്ത്രണം പിൻവലിച്ചതോടെ അയൽസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി, പഴവർഗങ്ങളുടെ വരവ് പൂർവ സ്ഥിതിയിലായെങ്കിലും വിപണിയിലെ പച്ചക്കറിവിലയും തോന്നും പടിയാണ്.
തക്കാളിവില കഴിഞ്ഞ ആഴ്ചയേക്കാൾ കി.ഗ്രാമിന് പത്ത് രൂപ കുറഞ്ഞിട്ടും ചില വ്യാപാരികൾ 50 രൂപയാണ് ഇപ്പോഴും വാങ്ങുന്നത്. ഉരുളകിഴങ്ങ്, ചെറിയ ഉള്ളി എന്നിവയും കിലോ 50 രൂപയ്ക്കാണ് വിൽപ്പന. അമര, വെള്ളരി, പടവലം, പച്ചമുളക്, പയർ, വെണ്ടയ്ക്ക, കിഴങ്ങ്, കത്തിരി, തടിയൻ, ചേന തുടങ്ങിയ സാധനങ്ങളുടെ വിലയിലും അൺലോക്കിന് ശേഷവും കാര്യമായ കുറവുണ്ടായിട്ടില്ല.
നാടൻ ഏത്തപ്പഴം മൂന്ന് കിലോ നൂറ് രൂപയ്ക്ക് നാട്ടിൻപുറങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുനടന്ന് വിൽക്കുമ്പോൾ കടകളിൽ കിലോയ്ക്ക് 45 രൂപയാണ് വില. കൊവിഡ് വ്യാപനത്തോടെ എസ്.പി മാരുൾപ്പെടെയുള്ള വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെയ്ൻമെന്റ് സോണുകളിൽ കൊവിഡ് ഡ്യൂട്ടിയിലാണ്. ഇത് കാരണം പരിശോധനകൾ നടക്കുന്നില്ല.
''
ഓണക്കാലം അടുത്തതോടെ അമിതവില സംബന്ധിച്ച് പരാതി ലഭിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ലഭിച്ച ചില പരാതികൾ അതാത് ജില്ലകളിലെ വിജിലൻസ് യൂണിറ്റുകൾക്ക് കൈമാറി.
അജീഷ്, വിജിലൻസ് പി.ആർ.ഒ
വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ ജില്ല തിരിച്ച്
തിരുവനന്തപുരം: 1,687
കൊല്ലം: 491
പത്തനംതിട്ട: 390
ആലപ്പുഴ: 404
കോട്ടയം: 527
ഇടുക്കി: 322
എറണാകുളം: 486
തൃശൂർ: 347
പാലക്കാട്: 521
മലപ്പുറം: 298
കോഴിക്കോട്: 405
വയനാട്: 104
കണ്ണൂർ: 192
കാസർകോട്: 289
ആകെ: 6,463